തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) 21-ാം സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതിന് എല്ലാ ഡിപ്പോകളിലും പതാകദിനത്തോടെ ആരംഭിച്ച സമ്മേളന പരിപാടികള്‍ നാളെ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
ഇന്ന് കരമന മസ്ദൂര്‍ ഭവനില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ബിഎംഎസ് ദേശീയ ഫെഡറേഷന്‍ പ്രഭാരി രാജ്ബിഹാരി ശര്‍മ്മ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒന്‍പതിന് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ അഡ്വ.സി.കെ സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് സംഘ് സംസ്ഥാന അദ്ധ്യക്ഷന്‍ ജി.കെ. അജിത്ത് അദ്ധ്യക്ഷനാകും.
കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എം.പി. ദിനേശ് സന്ദേശവും, വിവിധ സംഘടനാ നേതാക്കള്‍ ആശംസകളും അര്‍പ്പിക്കും. ഉച്ചയ്‌ക്ക് 3.30ന് സമ്മേളന നഗരിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം പൊതുസമ്മേളനവേദിയായ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ സമാപിക്കും. പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എസ്. അജയകുമാര്‍ അദ്ധ്യക്ഷനാകും.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എസ്. അജയകുമാര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍. പത്മകുമാര്‍, ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















