ഗാന്ധിനഗര്‍ (കോട്ടയം): ചികിത്സാപ്പിഴവിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല വയലാര്‍ ളാഹയില്‍ ചിറയില്‍ ബിജു (40) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
വയറുവേദനയെ തുടര്‍ന്ന് മെയ് ഒന്നിന് ഇദ്ദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ ഡോക്ടര്‍ പരിശോധിച്ചശേഷം ഗുളികയും സിറപ്പും മറ്റു ചില മരുന്നുകളും നല്‍കി. ഇതു കഴിച്ച് ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രോഗിക്ക് തളര്‍ച്ച അനുഭവപ്പെട്ടു. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ഡ്രിപ്പ് ഇട്ട് കിടത്തി കുറെക്കഴിഞ്ഞ് വീട്ടിലേക്കു പറഞ്ഞുവിട്ടു.
പിറ്റേ ദിവസമായപ്പോള്‍ കണ്ണുകള്‍ ചുവന്നു. ശരീരമാകെ പൊള്ളലേറ്റപോലെ കാണപ്പെട്ടു. വീണ്ടും ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ കിടത്തി ചികിത്സിച്ചു. മൂന്നിന് രാവിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ചികിത്സാപ്പിഴവുണ്ടായതായി കണ്ടെത്തിയത്. ശരീരമാസകലം പൊള്ളലേറ്റതുപോലയാണ് സ്ഥിതി.
കൂലിപ്പണിക്കാരനായ ബിജു ഇപ്പോള്‍ മരുന്നു വാങ്ങുവാന്‍പോലും നിര്‍വാഹമില്ലാതെയാണ് ആശുപത്രിയില്‍ കഴിയുന്നത്. അമ്മയും, ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളും അടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് ബിജു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവിനെക്കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും വീട്ടുകാര്‍ പറയുന്നു.
















