കോഴിക്കോട്: മതനിയമങ്ങള്‍ക്ക് മുകളില്‍ വ്യക്തിസ്വാതന്ത്ര്യം അനുവദിക്കാനാവില്ലെന്ന് സമസ്ത. സ്ഥാപനങ്ങള്‍ക്ക് ഡ്രസ് കോഡ് നിശ്ചയിക്കാന്‍ അധികാരമുണ്ടെങ്കിലും അത് മുസ്ലിം വ്യക്തിനിയമത്തിന് വിരുദ്ധമാകരുത്.
മുഖാവരണത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് മതപരമായ അവകാശമാണ്. മതനിയമങ്ങളില്‍ നിന്നുള്ള വ്യക്തിസ്വാതന്ത്ര്യം മാത്രമാണ് അനുവദിക്കാനാവുകയെന്നും സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചുകൊണ്ട് ഡോ. ഫസല്‍ ഗഫുര്‍ ഇറക്കിയ ഉത്തരവ് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. മത പണ്ഡിതര്‍ക്കെതിരെ എംഇഎസ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍ അതിരുകടക്കുകയാണ്.
നികൃഷ്ടവും നീചവും നിലവാരമില്ലാത്തതുമായ വാക്കുകളാണ് ഫസല്‍ ഗഫൂറിന്റെ പ്രസ്താവനകളിലുള്ളത്. പണ്ഡിതരെയും പണ്ഡിതസഭകളെയും അവഹേളിക്കുന്നത് മുസ്ലിം സമുദായം നോക്കിനില്‍ക്കില്ല. തന്നിഷ്ടപ്രകാരമുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുനുള്ള നീക്കത്തെ ശക്തമായി ചെറുക്കും.
ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. ഫസല്‍ ഗഫൂറിന് നിലപാട് തിരുത്തേണ്ടിവരുമെന്നും ഫസല്‍ ഗഫൂര്‍ പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.എസ്‌വൈഎസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി, യു. മുഹമ്മദ് ഷാഫി, മുസ്തഫ മുണ്ടുപാറ, എം.എ. ചേളാരി, സത്താര്‍ പന്തലൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















