Categories: Kerala

സൂപ്പര്‍ഫാസ്റ്റ് സമയക്രമീകരണം:യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി

കോട്ടയം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം യാത്രക്കാരെ വലയ്‌ക്കുന്നു. ചീഫ് ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് സമയക്രമീകരണം. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ക്ലാസ് ബസ് സര്‍വ്വീസ് നടത്തിയിരുന്ന ഡിപ്പോകളിലെ ബസുകള്‍ പിന്‍വലിച്ചു. തിരുവനന്തപുരത്തുനിന്നോ മറ്റ് ഏകീകൃത കേന്ദ്രങ്ങളില്‍ നിന്നോ സര്‍വീസ് നടത്തുമെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.

കൊട്ടാരക്കര, കോട്ടയം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യത്തിലധികം സമയം ബസ്സുകള്‍ക്ക് വിശ്രമം നല്‍കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഒരേ ബസ്സിന് പല സ്ഥലങ്ങളില്‍ അധികസമയം അനുവദിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഓഫീസ് സമയം അനുസരിച്ച് സര്‍വീസ് നടത്തിയിരുന്ന ബസ്സുകളുടെ സമയം മാറിയതോടെ സ്ഥിരമായി കെഎസ്ആര്‍ടിസി സര്‍വീസുകളെ ആശ്രയിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടിലായി.

മികച്ച വരുമാനത്തിലോടുന്ന നെടുങ്കണ്ടം-തിരുവനന്തപുരം സര്‍വീസിന്റെ സമയമാറ്റം കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലേക്കുള്ള രാത്രിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. മുമ്പ് രാത്രി 9.15നാണ് കോട്ടയത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് ബസ് പുറപ്പെട്ടിരുന്നത്. ഇപ്പോള്‍ അത് 10.20ലേക്ക് മാറ്റി. ഉച്ചയ്‌ക്ക് ഒരു മണിക്ക് പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടിരുന്ന പരപ്പ ബസിന്റെ വരുമാനത്തില്‍ വലിയ കുറവാണ് സമയക്രമീകരണം വരുത്തിയത്. 40,000 രൂപ കളക്ഷന്‍ ഉണ്ടായിരുന്നത് 20,000 രൂപയിലേക്ക് കുറഞ്ഞു. 

തൊടുപുഴ ഡിപ്പോയില്‍ നിന്ന് രാവിലെ 6.30ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് നിര്‍ത്തി. 25,000 രൂപ കളക്ഷന്‍ ലഭിച്ചിരുന്ന സര്‍വീസാണിത്. ഇതേ ഡിപ്പോയില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം സര്‍വീസ് 4.15ലേക്ക് മാറ്റിയതോടെ വരുമാനത്തില്‍ വന്‍കുറവുണ്ടായി. 

പ്രധാന നഷ്ടങ്ങള്‍ കാണാതെ മാനേജ്‌മെന്റ്

കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനെന്ന പേരിലുള്ള പല പരിഷ്‌കാരങ്ങളും പ്രധാന നഷ്ടങ്ങള്‍ക്ക് കാരണമായ വിഷയങ്ങളില്‍ മാനേജ്‌മെന്റ് കണ്ണടയ്‌ക്കുന്നതായി ആക്ഷേപം ശക്തം. ഡ്യൂട്ടി പാറ്റേണ്‍ അനുസരിച്ച് കിലോമീറ്റര്‍ തികയ്‌ക്കുന്നതിനും സമയം തികയ്‌ക്കുന്നതിനും വേണ്ടി രാത്രികാലങ്ങളില്‍ അനാവശ്യമായി നടത്തുന്ന ട്രിപ്പുകളാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിന്റെ പ്രധാന കാരണം. 

ഇത് ജീവനക്കാര്‍ക്ക് ജോലിഭാരം കൂട്ടുന്നതല്ലാതെ യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല. ഇത്തരം ട്രിപ്പുകള്‍ ഒഴിവാക്കാന്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ തയാറാവില്ല. ഉന്നതങ്ങളില്‍ നിന്നുള്ള നടപടി ഭയന്നാണ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുന്നത്. ഇത്തരം ട്രിപ്പുകള്‍ ഒഴിവാക്കിയാല്‍ മാത്രം കോര്‍പ്പറേഷന് ഡീസല്‍ ഇനത്തില്‍ പോലും വന്‍ തുക ലാഭിക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക