കല്‍പ്പറ്റ: വിസ തട്ടിപ്പില്‍ കുടുങ്ങി ഒമാനില്‍ പട്ടിണിയിലായ സിദ്ദിഖിന് ഒടുവില്‍ പുനര്‍ജന്മം. ജയിലിലാകുമെന്ന ആശങ്കയ്‌ക്ക് വിരാമമിട്ട് ദേശീയ സേവാഭാരതി ഒമാന്‍ ഘടകമായ സേവ ഇടപെട്ട് സിദ്ദിഖിനെ ഇന്നലെ കേരളത്തിലെത്തിച്ചു.
മേപ്പാടി വെള്ളാര്‍മല ഇലപ്പുള്ളി സിദ്ദിഖ് (42) ജനുവരി 28നാണ് കോഴിക്കോട് നിന്ന് ഒമാനിലേക്ക് വിമാനം കയറിയത്. ജലീല്‍ എന്ന ഏജന്റും സിദ്ദിഖിന്റെ ഭാര്യ ഫൗസിയയുടെ അമ്മാവന്റെ മകന്‍ റഷീദുമാണ് ഒമാനില്‍ ജോലി വാഗ്ദാനം ചെയ്ത് 65,000 രൂപ കൈപ്പറ്റിയത്. 35,000 രൂപ ശമ്പളവും സൗജന്യ താമസവും ഭക്ഷണവുമായിരുന്നു വാഗ്ദാനം. എന്നാല്‍, ലഭിച്ചതാകട്ടെ ഒരു മാസത്തേക്കുള്ള ടൂറിസ്റ്റ് വിസ. ഇതേക്കുറിച്ച് അവരോട് സംസാരിച്ചപ്പോള്‍ ഒമാനില്‍ വിമാനമിറങ്ങിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ വിസ ശരിയാകുമെന്നായിരുന്നു മറുപടി. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും വിസ ലഭിച്ചില്ലെന്നു മാത്രമല്ല ജോലി ലഭിക്കാതെ പട്ടിണിയിലുമായി.
ഇതിനിടെ 16 ദിവസം ഒരു പാക്കിസ്ഥാനിയുടെ കീഴില്‍ ജോലി ചെയ്തു. ലേബര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ അവിടെ നിന്ന് പിരിച്ചുവിട്ടു. പിന്നീട് തൊഴുത്തിന് സാമാനമായ കെട്ടിടത്തിലായിരുന്നു താമസം. ഒരു മുറിയില്‍ ആറു പേര്‍. രണ്ടാഴ്ചയ്‌ക്കു ശേഷം ഒരു ലേബര്‍ ക്യാമ്പില്‍ രണ്ടര മാസം ജോലി ചെയ്തു. താമസവും ഭക്ഷണവും ലഭിച്ചതല്ലാതെ കൂലിയൊന്നും ലഭിച്ചില്ല.
ബ്ലേഡുകാരില്‍ നിന്ന് 35,000 രൂപയും നാട്ടുകാരില്‍ നിന്ന് 30,000 രൂപയും വായ്‌പ വാങ്ങിയാണ് ഭര്‍ത്താവിനെ ആശാരിപ്പണിക്കായി ഒമാനില്‍ അയച്ചതെന്ന് ഭാര്യ ഫൗസിയ പറഞ്ഞു. ഭര്‍ത്താവ് ജയിലിലാകുമെന്ന അവസ്ഥ വന്നതോടെ ഫൗസിയയുടെ ജീവിതവും വഴിമുട്ടി. ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിക്കാരായ സിപിഎമ്മിനെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി.
മുസ്ലിംലീഗ് അടക്കമുള്ളവരും കൈവിട്ടതോടെ ട്രാവല്‍ ഏജന്‍സിയിലെ ചിലര്‍ സേവാഭാരതിയുമായി ബന്ധപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സേവാഭാരതി എംബസിയുമായി ബന്ധപ്പെട്ട് ഒമാന്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട പിഴ കുറച്ച് 1000 ഒമാനി റിയാലിലൊതുക്കി (ഏതാണ്ട് 1,82,000 രൂപ). ഈ തുക ഒമാന്‍ സേവാ ടീം അടച്ചു. സിദ്ദിഖിന് ടിക്കറ്റ് നല്‍കി കേരളത്തിലേക്ക് അയച്ചു.
സഹായിക്കുമെന്ന് വിചാരിച്ചവര്‍ കൈവിട്ടപ്പോള്‍ പ്രതീക്ഷിക്കാതെ സഹായം നല്‍കി തന്റെ ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയ സേവാഭാരതിയോട് അതിരറ്റ കടപ്പാടുണ്ടെന്ന് ഫൗസിയ പറഞ്ഞു.
ഭര്‍ത്താവിനെ മോചിപ്പിക്കണമെന്നും വിസ തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ഏപ്രില്‍ 28ന് മേപ്പാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുമായി മുന്നോട്ടുപോകുമെന്നും നഷ്ടമായ അഞ്ച് ലക്ഷം രൂപ തിരിച്ചുകിട്ടുന്നതുവരെ നിയമ നടപടി തുടരുമെന്നും ഫൗസിയ പറഞ്ഞു.
















