ഗുരു നിത്യചൈതന്യ യതി എന്ന ജ്ഞാനസൂര്യന് ഓര്‍മ്മയായിട്ട് രണ്ട് ദശാബ്ദങ്ങള്‍ പൂര്‍ത്തിയാകുന്നു. അറിവിന്റെ സൂക്ഷ്മതലങ്ങള്‍ തേടിയുളള സമര്‍പ്പിത ജീവിതമായിരുന്നു ഗുരു നിത്യയുടേത്. എല്ലാ ജീവിത വ്യവഹാരങ്ങളെയും ആത്മീയ ദര്‍ശനങ്ങളും ശാസ്ത്ര യുക്തിയുംകൊണ്ട് അപഗ്രഥിക്കുകയും അറിവിനെ സാന്ദ്രമാക്കുകയും ചെയ്ത നിത്യചൈതന്യയതി ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടര്‍ന്ന ശിഷ്യ പരമ്പരയില്‍ വേറിട്ടു നില്ക്കുന്നു.
തിരയുമ്പോള്‍ അറിയുന്നതാണ് അറിവ്. അത് അറിയപ്പെടുന്നു. അനേ്വഷിക്കുന്നതും അറിയപ്പെടുന്നതും അറിവ് ആയതിനാല്‍ അറിവില്ലാത്തതായി യാതൊന്നുമില്ലെന്ന് അറിവിനെകുറിച്ച് ശ്രീനാരായണ ഗുരു പറഞ്ഞു തുടങ്ങുമ്പോള്‍ അറിവിന്റെ ദിവ്യരഹസ്യങ്ങള്‍, സങ്കീര്‍ണ്ണതകള്‍ ഇതള്‍ വിടരുന്നു. അറിവിനെ സാക്ഷാത്കരിക്കാന്‍ സമര്‍പ്പിത ജീവിതം നയിച്ച ഗുരുപരമ്പരയിലെ സൂര്യ തേജസ്സായിരുന്നു നിത്യ ചൈതന്യ യതി.
ഒരു ജന്മാന്തര നിയോഗം പോലെ അറിവിന്റെ സൂക്ഷ്മ തലങ്ങള്‍ തേടിയുളള തീര്‍ത്ഥ യാത്രയായിരുന്നു ഗുരു നിത്യയുടെ ഭൂലോക ജീവിതം. ഒരു ഭക്തന്റെ ഓരോ തീര്‍ത്ഥയാത്രയും അയാളെ കരുണയിലേക്ക്, സമഭാവനയിലേക്ക്, സര്‍വ്വ ചരാചര പ്രേമത്തിലേക്ക് അടുപ്പിക്കും. അതുപോലെ ഗുരു നിത്യയും അറിഞ്ഞതെല്ലാം രാഗവും താളവും ശ്രുതിയും ലയവും ചേര്‍ന്ന ഭാഷയില്‍ സംസാരിച്ചും എഴുതിയും മനുഷ്യ ജീവിതം ഒരു സൗമ്യ സംഗീതമാക്കാന്‍ യത്നിച്ചു. മാനവികതയുടെ മഹാ ഗുരുവായി യതി എക്കാലവും ഓര്‍മിക്കപ്പെടും.
ആധുനിക കാലത്തിന്റെ എല്ലാവിധ ജ്ഞാനസ്വരുപങ്ങളെയും സ്വാംശീകരിക്കുകയും ആ അറിവുകളുടെ പ്രസരണം സൗമ്യവും ദീപ്തവും ശാന്തവുമായി നിര്‍വ്വഹിക്കുകയും ചെയ്തു എന്നതത്രേ അദ്ദേഹത്തെ ധൈഷണികരംഗത്ത് ഏറെ സ്വീകാര്യനാക്കുന്നത്. രാഷ്ട്രീയം, സമൂഹം, സംസ്കാരം, വിദ്യാഭ്യാസം, കുടുംബം എന്നുവേണ്ട, സ്ഥാപനവത്ക്കരിക്കപ്പെട്ടതും അല്ലാത്തതുമായ എല്ലാ ജീവിതമണ്ഡലങ്ങളുടെയും പ്രതിസന്ധികള്‍ക്ക്, സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമോതിയ ഈ ഗുരുശ്രേഷ്ഠന് ജനതയ്ക്ക് ഏറെ പ്രിയങ്കരനുമായിരുന്നു. അറിവിന്റെ ജനകീയവത്ക്കരണമായിരുന്നു യതിയുടെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സംഭവിച്ചത്.
ശ്രീനാരായണ ദര്‍ശനങ്ങളായാലും വേദവേദാന്ത ഉപനിഷത് ദര്‍ശനങ്ങളായാലും ആധുനിക മനഃശാസ്ത്രമായാലും ആശാന് കവിതയുടെ ഗഹനമായ അര്‍ത്ഥതലങ്ങളായാലും യതി വിശകലനം ചെയ്യുമ്പോള്‍ ലോകത്തിന് പുതുവെളിച്ചം ലഭിക്കുകയാണ്.
കല, ജീവിതം, തത്ത്വചിന്ത, ആത്മീയത, പഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, ആധുനികശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ യതി എഴുതിയ ഗ്രന്ഥങ്ങള്‍ നോക്കൂ. ഒരു പുരുഷായുസ്സില്‍ നിര്‍വ്വഹിക്കുവാന്‍ കഴിയുന്നതല്ലതന്നെ. മലയാളത്തില്‍ 79, ഇംഗ്ലീഷില്‍ 27 ഇത്രയുമാണ് യതിയുടേതായി പ്രസിദ്ധീകരിച്ച കൃതികള്‍. ഗുരുദേവകൃതികളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുളള വ്യാഖ്യാനങ്ങളും ബൃഹദാരണ്യകോപനിഷത്, ഭഗവദ്ഗീത എന്നിവയുടെ വ്യാഖ്യാനങ്ങളും അതിശയിപ്പിക്കുന്നവയാണ്.
അറിവിന്റെ പൂര്‍ണ്ണതകളിലേക്ക് സാഹസികമായി യാത്ര ചെയ്ത യതിയില്‍ പ്ലേറ്റോ, സോക്രട്ടീസ്, മാര്‍ക്സ്, ഫ്രോയ്ഡ്, ടോള്‍സ്റ്റോയി, ശ്രീനാരായണഗുരു, നടരാജഗുരു, രമണമഹര്‍ഷി എന്നീ മഹാഗുരു പരമ്പരകളുടെ സദംശങ്ങള്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. മാനവികതയുടെ സമ്പൂര്‍ണ്ണ വികാസത്തില്‍ ദത്തശ്രദ്ധനായിരുന്നു ഈ ജ്ഞാനതപസ്വിയെന്ന് ആ ചിന്തകള്‍ വിളിച്ചോതുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുളള യതിയുടെ കാഴ്ചപ്പാട് നോക്കൂ. വീടുതന്നെ ഒരു സര്‍വകലാശാലയാക്കുക എന്നത്രേ അദ്ദേഹം പറയുന്നത്.
സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം എന്ന സ്ഥാപനത്തിന്റെ വീഴ്ചകളാണ് ആദ്യം പരിഹരിക്കേണ്ടതെന്ന് അദ്ദേഹം കരുതിയിരുന്നു. കുടുംബം എന്ന പവിത്രഘടനയ്ക്ക് സംഭവിക്കുന്ന രോഗാവസ്ഥകളെ ചികിത്സിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയത്രേ ഗുരു നിത്യ ‘ഇമ്പം ദാമ്പത്യത്തില്‍’ എന്ന കൃതിയെഴുതിയത്. മൂല്യങ്ങളില്‍ അടിയുറച്ച ജീവിതത്തിലുടെ മാത്രമേ തീരെ ചെറിയ നമ്മുടെ ജന്മത്തെ സമ്പന്നവും ശ്രേഷ്ഠവുമാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറയുന്നു.
മനുഷ്യസംസ്കാരത്തിന്റെ ഈടുവയ്പ്പായിത്തീര്‍ന്ന രചനകള്‍ക്ക് യതി പകര്‍ന്ന വ്യാഖ്യാനങ്ങള്‍ വേറിട്ടവയാണ്. ഭഗവദ്ഗീതയുടെയും ബൃഹദാരണ്യകോപനിഷത്തിന്റെയുമൊക്കെ വ്യാഖ്യാനങ്ങള്‍ ലളിതവും ഹൃദ്യവുമാണ്. ഭഗവത്ഗീതയുടെ വ്യാഖ്യാനം പ്ലേറ്റോയുടെ ഡയലക്ടിക്സിന്റെ മാതൃകയിലാണ്. സംഗീതം, കല, വേദാന്തം ഇവയെ സമന്വയിപ്പിച്ചെഴുതിയ ‘പ്രേമവും ഭക്തിയും’ വേറിട്ട കൃതിയാണ്. ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തില്‍ നിന്ന് മനഃശാസ്ത്രതത്ത്വങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്ന ഭാരതീയ മനഃശാസ്ത്രം.
ആധുനിക ശാസ്ത്രത്തിന്റെ യൂറോപ്യന്‍ രീതിശാസ്ത്രത്തിന് ബദല്‍ കണ്ടെത്തുകയാണ്. ആശാന് കവിതയുടെ ദാര്‍ശനികവും മനശാസ്ത്രപരവും സാമുഹികവുമായ അര്‍ത്ഥതലങ്ങള്‍ വിശകലനം ചെയ്യുന്ന ‘നളിനി എന്ന കാവ്യശില്പം’, ‘ചിന്താവിഷ്ടയായ സീത ഒരു പഠനം’ എന്നിവ മലയാളവിമര്‍ശനകലയിലെ ക്ലാസ്സിക്കുകളത്രേ. അറിവിന്റെ ദിവ്യപ്രകാശം കൊണ്ടുമാത്രമേ ലോകത്തിന്റെ ഭൗതികവും ആത്മീയവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്ന് വിശ്വസിച്ച ഗുരു നിത്യചൈതന്യയതിയുടെ ചിന്തകളെ വേണ്ടവിധം ഉള്‍ക്കൊണ്ടില്ലെങ്കില്‍ നമ്മുടെ യാത്രകള്‍ മുന്നോട്ടായിരിക്കില്ല പിന്നോട്ടായിരിക്കും. നിത്യചൈതന്യയതി എന്ന ജ്ഞാനക്കിളിയുടെ പാട്ടുകള്‍ ഈ കലുഷകാലത്തിന് ആശ്വാസം പകരുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: