കൊച്ചി: റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് നടത്തുന്ന വ്യാജ ഇടപാടുകള്‍ പുറത്തുവരുന്നു. ഭൂമി ഇടപാടില്‍ കൃത്രിമം കാണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജരേഖ നിര്‍മിച്ചതിന് കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയിലായി. ആലുവ കാലടി ശ്രീമൂലനഗരം ശ്രീഭൂതപുരം അപ്പേലിവീട്ടില്‍ അബു എന്ന അബൂട്ടിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ചൂര്‍ണിക്കരയില്‍ ദേശീയപാതയോരത്തെ 25 സെന്റ് തണ്ണീര്‍തട ഭൂമി സര്‍ക്കാര്‍ രേഖകളില്‍ കരഭൂമിയാക്കാന്‍ വ്യാജരേഖയുണ്ടാക്കിയ കേസിലാണ് ഇടനിലക്കാരനായ ഈ കോണ്‍ഗ്രസ് പ്രവര്ത്തകന് പിടിയിലാത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
അടിസ്ഥാന നികുതി രജിസ്റ്ററില്‍ കൃത്രിമം നടത്തി, അതിന് തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ സീലും കത്തുമുണ്ടാക്കിയാണ് ഇടപാട് നടത്തിയത്. ഇതിന് വിവിധ തലത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായവും പങ്കാളിത്തവും ഉണ്ടായിരിക്കാമെന്നാണ് കരുതുന്നത്. പറവൂര്‍, കണയന്നൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിനിടെ നടന്ന മുഴുവന്‍ റവന്യൂ ഇടപാടുകളും പരിശോധിക്കുകയാണ്.
തണ്ണീര്‍ത്തടമാണെന്ന് കാണിച്ച് തെറ്റിദ്ധാരണയുണ്ടാക്കി സ്ഥലമുടമ ഹംസയില്‍ നിന്ന് അബു ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇടപാടിന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജ അനുമതി പത്രം ഉണ്ടാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരില്‍നിന്ന് സഹായം കിട്ടിയിരിക്കാമെന്ന് വിജിലന്‍സ് സംഘം സംശയിക്കുന്നു, അന്വേഷണം നടക്കുകയാണ്.
ആലുവ ചൂര്‍ണിക്കരയിലുള്ള 25 സെന്റ് ഭൂമി തരം മാറ്റി കരഭൂമിയാക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. തുടര്‍ന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ശുപാര്‍ശക്കത്ത് ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ അങ്ങനെയൊരു കത്തിന് സാധ്യതയില്ലെന്ന് സംശയിച്ച ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പില്‍ അന്വേഷണം നടത്തിയപ്പോഴാണ് കള്ളം തെളിഞ്ഞത്. റവന്യൂ സെക്രട്ടറി ഡോ. വി. വേണു ഇടപെട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി. ജോസ്, തന്റെ പേരില്‍ വ്യാജഖേയുണ്ടാക്കിയതായി തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ പരാതി കൊടുത്തു. റവന്യൂ മന്ത്രി ഇടപെട്ട് വിജിലന്‍സ് അന്വേഷണം നടത്തിച്ചു. ഇതിനിടെ ഇടനിലക്കാരന് അബു ഒളിവില്‍ പോയി.
പതിവ് സ്ഥലം ഇടപാടുകാരനായ അബുവിന് ഭൂമി തരം മാറ്റാന്‍ ഏഴ് ലക്ഷം രൂപ നല്‍കിയെന്ന് ഭൂവുടമ തൃശൂര്‍ മതിലകം സ്വദേശി ഹംസ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. യഥാര്‍ത്ഥ രേഖകള്‍ കിട്ടാന്‍ പണം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് അബു പറഞ്ഞത്. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചെക്കായും അഞ്ച് ലക്ഷം പണമായും നല്‍കിയെന്നും ഹംസയുടെ മൊഴിയിലുണ്ട്.
പോലീസ് അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ചില രേഖകള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ അബു വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥതലം മുതല്‍ താഴേത്തട്ടിലുളള ഇടനിലക്കാര്‍ വരെ വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനിന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: