തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്കായി കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല തന്നെ. പുനര്‍ പരീക്ഷയുടെ പേരില്‍ കോടികളുടെ അഴിമതിക്ക് മൂല്യ നിര്‍ണയത്തില്‍ തട്ടിപ്പ് നടത്തിക്കൊടുക്കുന്നത് ആരോഗ്യ സര്‍വ്വകലാശാല. മികവുറ്റ രീതിയില്‍ ഫലപ്രഖ്യാപനം നടത്താന്‍ കൊണ്ടുവന്ന ഇരട്ട മൂല്യനിര്‍ണയത്തെയും സര്‍വ്വകലാശാല അട്ടിമറിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളെയും മറികടന്ന് സ്വാശ്രയമെഡിക്കല്‍കോളേജുകളിലെ രണ്ടാം വര്‍ഷ പരീക്ഷാ ഫലത്തിലെ വിജയക്കൊയ്ത്തിനുപിന്നിലും ക്രമക്കേട് നടന്നെന്ന് സൂചന.
2018 ലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം വന്നതോടെയാണ് ആരോഗ്യസര്‍വ്വകലാശാല നടത്തുന്ന വിദ്യാര്‍ത്ഥി വഞ്ചന പുറത്ത് വരുന്നത്. 2018 ലെ ഒന്നാം വര്‍ഷത്തില്‍ 22 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. അതില്‍ 70 ശതമാനത്തില്‍ താഴെ വിജയ ശതമാനത്തിലെത്തിയത് ഏഴ് കോളേജുകളാണ്. ഏറ്റവും കുറവ് വിജയശതമാനമുള്ള വര്‍ക്കല എസ്ആര്‍ മെഡിക്കല്‍കോളേജില്‍ മാത്രം 48 വിദ്യാര്‍ത്ഥികളാണ് തോറ്റത്. ഒന്നു രണ്ട് കോളേജുകള്‍ ഒഴിച്ചാല്‍ 70 ല്‍ കൂടുതല്‍ വിജയ ശതമാനമുള്ളിടത്തെല്ലാം ശരാശരി 20 നും 30 നും ഇടയില്‍ കുട്ടികള്‍ തോറ്റിട്ടുണ്ട്.
തോറ്റ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ പേപ്പര്‍ വിവരങ്ങള്‍ എടുത്തതോടെയാണ് അഴിമതിയും ക്രമക്കേടും പുറത്ത് വരുന്നത്. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഫിസിയോളജി പേപ്പറിന് രണ്ട് മൂല്യ നിര്‍ണയത്തിലും 23 മാര്‍ക്ക് തന്നെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഓരോ ചോദ്യത്തിനും രണ്ട് മൂല്യനിര്‍ണയത്തിലും നല്‍കിയിരിക്കുന്ന മാര്‍ക്ക് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മറനീക്കുന്നത്. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ പരിശോധകന് അഞ്ച് മാര്‍ക്ക് നല്‍കിയിരിക്കുന്ന ചോദ്യത്തിന് രണ്ടാമത് നല്‍കിയത് രണ്ട് മാര്‍ക്ക്. മൂന്ന് മാര്‍ക്ക് ലഭിച്ചിടത്ത് രണ്ടാമത് നല്‍കിയിരിക്കുന്നത് അരമാര്‍ക്ക്. അങ്ങനെ മൂല്യനിര്‍ണയത്തില്‍ ഒാരോ ചോദ്യത്തിന് നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ ഇരട്ടി വ്യത്യാസം ഉണ്ടെങ്കിലും ആകെ മാര്‍ക്കില്‍ തുല്യത വരുത്തി. മറ്റൊരു വിദ്യാര്‍ത്ഥിക്കാകട്ടെ പുനര്‍മൂല്യനിര്‍ണയത്തിനും നല്കി. മൂന്ന് മൂല്യ നിര്‍ണയവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ആദ്യത്തെ മൂല്യനിര്‍ണയത്തില്‍ 35 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ടാമത് വെറും ഒമ്പത് മാര്‍ക്ക്. പുനര്‍മൂല്യ നിര്‍ണയത്തില്‍ കിട്ടിയത് 17. ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കുകള്‍ തമ്മില്‍ നാലും അഞ്ചും മാര്‍ക്കുകളുടെ വ്യത്യാസം. ഇങ്ങനെയാണ് തോറ്റവരുടെ എല്ലാം മൂല്യനിര്‍ണയം.
തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 12 കുട്ടികള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തോറ്റപ്പോള്‍ അന്വേഷണം നടത്തിയവര്‍ സ്വാശ്രയകോളേജിലെ കൂട്ടത്തോല്‍വിയില്‍ മൗനം പാലിച്ചു. ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയുടെ ഗ്രീവന്‍സസ് കമ്മിറ്റി (വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പരിഹാര സെല്‍) ക്ക് മുന്നിലെത്തി. അവര്‍ പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ല. ഒടുവില്‍ ഹൈക്കോടതിയെ സമീപിച്ചതിനു ശേഷമാണ് പരാതി കേട്ടത്. മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കാട്ടി കോളേജിലെ ഡിപാര്‍ട്ട്മെന്റ് ഹെഡ് നല്കിയ കത്ത് പോലും കമ്മിറ്റി പരിഗണിക്കാതെ പരാതി തള്ളി. തോറ്റ ഓരോ വിഷയത്തിനും 20,000 രൂപ വീതം കെട്ടിവച്ചാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഈ ഇനത്തില്‍ മാത്രം കോടികളാണ് കോളേജുകള്‍ക്ക് ലഭിക്കുന്നത്. മൂല്യ നിര്‍ണയത്തിലെ ഇതേ തന്ത്രമാണ് ഇപ്പോള്‍ സ്വാശ്രയമെഡിക്കല്‍കോളേജുകളുടെ ഉന്നത വിജയത്തിന് പിന്നിലെന്ന് സൂചനയുണ്ട്.
സ്വകാര്യമെഡിക്കല്‍കോളേജുകളിലെ പരീക്ഷാ ഹാളില്‍ നില്‍ക്കുന്നത് അവിടത്തെ അധ്യാപകര്‍ തന്നെ ആണെന്നതും സംശയം വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: