ഗാന്ധിനഗര്‍ (കോട്ടയം): കോടികള്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ത്തി. ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര സ്വഭാവമുള്ളതൊഴികെയുള്ള ശസ്ത്രക്രിയകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ഇരുപത്തിയഞ്ചോളം സ്വകാര്യ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്ക് കോടികളാണ് കൊടുക്കാനുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നു മാത്രം 50 കോടി കൊടുക്കാനുണ്ട്. പല സ്ഥാപനങ്ങളും പണം കടമെടുത്താണ് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിട്ടുള്ളത്. പലിശ ഇനത്തില്‍ മാത്രം ഇവര്‍ക്ക് ലക്ഷങ്ങളാണ് പ്രതിമാസം അടയ്ക്കാനുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് സ്ഥാപനങ്ങള്‍ക്ക് പണം കൊടുക്കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 10 കോടി അനുവദിച്ച് ഉത്തരവായെങ്കിലും ആ പണവും ഇതുവരെ ലഭിച്ചിട്ടില്ല.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗ വിഭാഗം, ന്യൂറോ സര്‍ജറി, യൂറോളജി വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള എല്ലാ പരിശോധനകളും കഴിഞ്ഞ് നിരവധിയാളുകളാണ് കാത്തിരിക്കുന്നത്. എല്ലാ ആഴ്ചയും ഇവര്‍ ബന്ധപ്പെട്ട വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് മടങ്ങും. ഹൃദയവിഭാഗത്തില്‍ മാത്രം 3,000ത്തോളം രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. എന്നാല്‍, എപ്പോള്‍ നടത്താനാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് രോഗികളോട് പറയാനാവാത്ത അവസ്ഥയാണ്.
ന്യൂറോ സര്‍ജറി വിഭാഗത്തില്‍ നിന്ന് മാത്രം ഒരു കോടി രൂപയോളം കൊടുക്കാനുണ്ട്. എങ്കിലും ആഗസ്ത് 15 വരെ ശസ്ത്രക്രിയാ തീയതികള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്ന് മേധാവി ഡോ. പി.കെ. ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ മറ്റു വിഭാഗങ്ങളിലെ മേധാവികള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: