ഇനി ശക്തി ചാലന മുദ്ര. ശക്തിയെ ചലിപ്പിക്കുന്ന മുദ്ര. ഏതു ശക്തി? കുണ്ഡലിനീ ശക്തി തന്നെ. അതിന് പല പേരുകളുണ്ട്.
കുടിലാങ്ഗീ കുണ്ഡലിനീ
ഭുജങ്ഗീ ശ ക്തിരീശ്വരീ
കുണ്ഡല്യരുന്ധതീ ചൈതേ
ശബ്ദാ: പര്യായവാചകാ: – 3 – 104
കുടിലാങ്ഗീ, കുണ്ഡലിനീ, ഭുജങ്ഗീ, ശക്തി, ഈശ്വരീ,കുണ്ഡലീ, അരുന്ധതീ എന്നീ ഏഴു പേരുകള്‍ പര്യായങ്ങളാണ്.
ഒരേ വസ്തുവിന് അതിന്റെ സ്വഭാവവും ധര്മവുമനുസരിച്ച് പല പേരുകള്‍ കിട്ടും. ഭാഗവതത്തില്‍ ‘ഉത്താന പാ
ദന്’ എന്ന ഒരു കഥാപാത്രമുണ്ട്. അവന്റെ കാല്‍പ്പടം (പാദം)
മലര്ന്നിട്ടാണ് (ഉത്താനമാണ്). അതു കൊണ്ട് ആ പേരു കിട്ടി. ഇവിടെ അംഗങ്ങള്‍, അവയവങ്ങള്‍ കുടിലമാണ്, വളഞ്ഞുപുളഞ്ഞതാണ്. അതു കൊണ്ട് കുടിലാങ്ഗി.
കുണ്ഡലം എന്നാല്‍ സ്പ്രിങ്ങ് പോലെ ചുരുണ്ടത് എന്നര്‍ഥം. പണ്ട് ഇത്തരത്തിലുള്ള ആഭരണമാണ് കാതില്‍ ധരിച്ചിരുന്നത്. അതു കൊണ്ട് ക്രമത്തില്‍ കാതില്‍ ധരിക്കുന്നവയ്ക്ക് കുണ്ഡലമെന്നു പേരു വന്നു. സൂര്യന് ‘മകര കുണ്ഡലവാന്‍’ എന്നു പേരുണ്ട്. മകര മത്സ്യത്തെ കുണ്ഡലമാക്കിയവന്.
‘കുണ്ഡം’ എന്നാല്‍ അഗ്നി സൂക്ഷിക്കുന്ന കുഴി എന്നര്‍ഥമുണ്ട്. ഹോമകുണ്ഡം എന്ന് സാധാരണ പ്രയോഗമാണ്. മൂലാധാരത്തില്‍ ജ്വലിക്കുന്ന അഗ്നികുണ്ഡത്തില്‍ നിന്നുയിര്ത്തവള് ആണ് കുണ്ഡലിനി എന്നര്‍ഥം.
ഭുജം എന്നാല്‍ കുടിലം, വളഞ്ഞുപുളഞ്ഞത് എന്നര്‍ഥമുണ്ട്. അങ്ങിനെ ഗമിക്കുന്നത് ഭുജംഗീ.
പ്രപഞ്ചത്തിലെങ്ങും നിറഞ്ഞ ശക്തി തന്നെ ഇവിടെ ശക്തി. ഈശ്വരന്റെ സൃഷ്ടിശക്തി തന്നെ ഈശ്വരി. ‘ശിവ: ശക്ത്യാ യുക്തോ ( ശിവന് ശക്തിയോട് ചേര്‍ന്നാല്‍ മാത്രം ) യദി ഭവതി ശക്ത: പ്രഭവിതും ( പ്രവര്‍ത്തി ക്കാന്‍ ശക്തമാവുന്നു.) എന്ന് ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയില്‍ പറയുന്നു. ഇല്ലെങ്കില്‍ അനങ്ങാന്‍ പോലും സാധ്യമല്ലെന്നും. ഈ ശക്തി സഹസ്രാരത്തിലെ ഈശ്വരനുമായി ചേരുന്നതാണല്ലൊ ലയം.
രുന്ധതി എന്നതിന് തടസ്സമുള്ളത് എന്നര്‍ഥം വരും. അരുന്ധതി എന്നാല്‍ ആര്‍ക്കും തടുക്കാന്‍ കഴിയാത്തവള്‍ എന്നര്‍ഥം വരാം.
അരുണന് എന്നാല്‍ പ്രഭാതമെന്നെടുത്താല് പ്രഭാതമുണ്ടാക്കുന്നവള് ഒരു പുതു യുഗം സൃഷ്ടിക്കുന്നവള്‍ എന്നും പറയാം.
ഉദ്ഘാടയേത് കപാടം തു
യഥാ കുഞ്ചികയാ ഹഠാത്
കുണ്ഡലിന്യാ തഥാ യോഗീ
മോക്ഷദ്വാരം വിഭേദയേത്. – 3 -105
താക്കോല്‍ കൊണ്ട് വാതില്‍ തുറക്കുന്നതുപോലെ യോഗി ഹഠയോഗത്തിലൂടെ (ഉണര്‍ത്തിയ) കുണ്ഡലിനീ ശക്തിയാല്‍ മോക്ഷ കവാടം തുറക്കുന്നു.
ആധുനികയോഗികള്‍ കുണ്ഡലിനിയുടെ ഉണര്‍വിനെ തലച്ചോറിലെ കോശങ്ങളുടെ ഉണര്‍ച്ചയുമായി ബന്ധപ്പെടുത്തുന്നുണ്ട്. എല്ലാ മനുഷ്യരിലും ഉള്ള ജീവശക്തിയാണ് കുണ്ഡലിനി. അതു മുഴുവന്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നു മാത്രം. ഈ ശക്തി ഭാഗികമായി ഇഡയിലൂടെയോ പിംഗളയിലൂടെയോ ഒഴുകുന്നു. അത് സുഷുമ്നയിലൂടെ ഒഴുകുമ്പോള്‍ പൂര്‍ണവും ശക്തവുമായ ഒഴുക്കായി തീരുന്നു. തലച്ചോറ് പൂര്‍ണമായും ഊര്‍ജ്ജിതമാവുന്നു. ഇതിനു സുഷുമ്ന ശുദ്ധമാവണം. യൗഗിക കര്‍മങ്ങളെല്ലാം ഈ ശുചീകരണത്തിനുള്ള ഉപായങ്ങളാണ്. അത്രയും മുന്നൊരുക്കങ്ങളോടെയേ സുഷുമ്നാ പ്രവേശം പാടൂ. കഠിനമായ പരിശ്രമവും വഴികാട്ടിയും ഇതിനാവശ്യവുമാണ്. ‘വിഭേദയേത്’, വിശേഷേണ ഭേദിക്കണം, വാതില്‍ തുറക്കണം എന്നാണ് പറഞ്ഞത്.
ഛാന്ദോഗ്യ ഉപനിഷത്തില്‍ ‘ തയാ ഊര്ധ്വമായന് അമൃതത്വം ഏതി’ (ഢകകക.6.6) എന്നു പറഞ്ഞിട്ടുണ്ട്. സുഷുമ്നയിലൂടെ മേലോട്ടു ചെന്ന് അമൃതത്വം പ്രാപിക്കുന്നു എന്ന്.
യേന മാര്‍ഗ്ഗേണ ഗന്തവ്യം
ബ്രഹ്മസ്ഥാനം നിരാമയം
മുഖേനാച്ഛാദ്യ തദ്വാരം
പ്രസുപ്താ പരമേശ്വരീ. – 3 – 106
ദുഃഖരഹിതമായ ബ്രഹ്മസ്ഥാനത്തേക്കു ചെല്ലേണ്ട മാര്‍ഗത്തെ തന്റെ മുഖം കൊണ്ട് മറച്ച് ഗാഢമായി ഉറങ്ങുകയാണ് പരമേശ്വരി.
‘തസ്യാ: ശിഖായാ മധ്യേ പരമാത്മാ വ്യവസ്ഥിത: ‘ (മഹാനാരായണ ഉപനിഷത് – തക.13 ) അതിന്റെ ശിഖയുടെ മധ്യത്തില്‍ (സഹസ്രാരത്തില്‍) പരമാത്മാവിരിക്കുന്നു. അവിടെ ചെല്ലാനുള്ള സുഷുമ്നാ മാര്‍ഗമാണ് അടഞ്ഞു കിടക്കുന്നത്. അവിടെയാണ് കുണ്ഡലിനി ‘പ്രസുപ്ത ‘ യായിരിക്കുന്നത്. പ്രകര്‍ഷേണ ഉറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: