കൊല്ലം: ജോലിത്തട്ടിപ്പില്‍ ഒമാനില്‍ അകപ്പെട്ട മുക്കൂട് പുത്തന്‍വിള വീട്ടില്‍ സുനിത സേവാഭാരതിയുടെ സഹായത്താല്‍ തിങ്കളാഴ്ച്ച രാത്രിയോടെ വീട്ടിലെത്തി. ഏതൊരമ്മയെ പോലെയും സ്വന്തം മക്കളുടെ ഉയര്‍ന്ന വിദ്യാഭാസവും, അവരുടെ മികച്ച ഭാവിയും മാത്രമായിരുന്നു ദുബായിലേക്ക് ജോലിക്ക് പോയ സുനിതയുടെയും ആഗ്രഹം. മൂവാറ്റുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാന്‍പവര്‍ എന്ന ഏജന്‍സി മുഖാന്തിരമാണ് സുനിത വിദേശത്ത് എത്തിയത്.
മാസം 25000രൂപ ശമ്പളം കിട്ടുന്ന ഹൗസ് മെയ്ഡ് ജോലി എന്നായിരുന്നു വാഗ്ദാനം. ദുബായില്‍ എത്തിയ സുനിതയെ എട്ടു ദിവസത്തോളം ജോലി നല്‍കാതെ അവിടെത്തന്നെ നിര്‍ത്തി. പിന്നീട് ഇസ്മായേല്‍ എന്നയാള്‍ വഴി ഒമാനിലേക്ക് കൊണ്ടു പോയി. അവിടെ രണ്ടു വീടുകളില്‍ ഒന്നര മാസത്തോളം ജോലി ചെയ്തു. ഈ വീടുകളില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനം സഹിക്കാനാകാതെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വെള്ളമോ ഭക്ഷണമോ നല്‍കാതെ പന്ത്രണ്ട് ദിവസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടു. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നൈജീരിയ സ്വദേശിനിയായ യുവതിയില്‍ നിന്നും ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. തൊട്ടപ്പുറത്തെ റൂമില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയുടെ മൊബൈല്‍ ഫോണില്‍ നിന്നും നാട്ടില്‍ മകളെ ബന്ധപ്പെടാന്‍ സുനിതയ്ക്ക് കഴിഞ്ഞു. ജില്ലാ കളക്ടറേയും പോലീസ് കമ്മീഷണറേയും മക്കള്‍ ബന്ധപ്പെട്ടെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല.
ഇതിനിടയിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെടുന്നത്. മസ്കറ്റ് സേവാസമിതിയുടെ കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന നന്ദേഷിന്റെ നേതൃത്വത്തില്‍ സമിതിയുടെ പ്രവര്‍ത്തകരായ രാജേഷ്, വേലായുധന്, ശംഭു ഭായ് തുടങ്ങിയ ഇരുപതോളം പ്രവര്‍ത്തകര്‍ സുനിതയ്ക്ക് ആശ്വാസമായി എത്തി.
അറബിക്ക് നല്‍കേണ്ട രണ്ടുലക്ഷം രൂപ നന്ദേഷ് നല്‍കുകയും സുനിതയെ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടു നാലു മണിയോടെ മോചിപ്പിക്കുകയും ചെയ്തു. മടക്കയാത്രയ്ക്കുള്ള പണവും നല്കി ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. ഇതേതുടര്‍ന്നാണ് സുനിതയ്ക്ക് നാട്ടിലേക്ക് മടങ്ങാനായത്.
ഇന്നലെ സേവാഭാരതി കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ. വേണുഗോപാല്‍. പ്രവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് സുദര്ശന് ശങ്കരമംഗലം, സംസ്ഥാന സമിതി അംഗം വി. രഘുനാഥന്, ജില്ലാ സെക്രട്ടറി വി. രാജു, പാര്‍ത്ഥസാരഥി ചാരിറ്റബിള്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം ഡി. സദാനന്ദന്, ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ്, അഭിലാഷ്, ബൂത്ത്പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ സുനിതയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: