കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങളില്‍ ബന്ധമുള്ള ഭീകരരെ കൊല്ലുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തുവെന്ന് ശ്രീലങ്ക. രാജ്യം സുരക്ഷിതമെന്നും സാധാരണനിലയിലേക്ക് തിരിച്ചെത്തിയെന്നും ലങ്കന്‍ സൈനിക, പോലീസ് മേധാവികള്‍ അറിയിച്ചു.
ഭീകരാക്രമണങ്ങളെ തുടര്‍ന്ന് രാജ്യം കനത്ത സുരക്ഷയിലാണ്. പ്രത്യേക സുരക്ഷാ പദ്ധതികള്‍ കൊണ്ടുവരുന്നതിന് പദ്ധതിയുണ്ട്. ഭീകരരുടെ കൈവശമുണ്ടായിരുന്ന എല്ലാ സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സംഭവങ്ങള്‍ക്ക് പ്രാദേശിക മുസ്ലിം സംഘടനയായ നാഷണല്‍ തൗഹീത്ത് ജമാഅത്തുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
എന്നാല്‍, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. ഒന്‍പത് സ്ത്രീകളടക്കം 73 പേരെ അറസ്റ്റ് ചെയ്തുവെന്നും സിഐഡിയും ഭീകരവാദ അന്വേഷണവകുപ്പും ഇവരെ ചോദ്യം ചെയ്യുകയാണെന്നും ലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര അവകാശപ്പെട്ടു. നാഷണല്‍ തൗഹീത്ത് ജമാ അത്തിന്റെ കൈവശം 14 കോടി രൂപയും 700 കോടിയുടെ സ്വത്തുക്കളുമുണ്ടെന്ന് കണ്ടെത്തി. സാധാരണനിലയിലേക്ക് മടങ്ങുന്ന സമൂഹത്തെ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കരുതെന്നും ഇദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയെങ്കിലും കുട്ടികളുടെ എണ്ണം വളരെ കുറവാണ്. ചാവേറാക്രമണം ലങ്കയിലെ വിനോദസഞ്ചാരമേഖലയ്‌ക്കും തിരിച്ചടിയായി.
















