ആലപ്പുഴ: മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത മഴക്കാലമാകാറായിട്ടും വീടുകള്‍ പോലും നിര്‍മിച്ചു നല്കാന് കഴിയാതെ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു. ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട്ടില്‍ ഒരു വീട് പോലും പൂര്‍ത്തിയാക്കാന്‍ പത്തുമാസമായിട്ടും കഴിഞ്ഞിട്ടില്ല.
അഭയാര്‍ത്ഥികളായി ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും അഭയം തേടിയവരോട് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് വീട് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ഘട്ടംഘട്ടമായി മാത്രമേ പണം നല്‍കൂ എന്നാണ്.
എന്നാല്‍ പണം മുന്‍കൂറായി നല്കിയാല് മാത്രമേ നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങാന്‍ കഴിയുകയുള്ളൂ എന്നാണ് പ്രളയബാധിതര്‍ പറയുന്നത്. സഹായധനം നല്‍കുന്നത് എങ്ങനെയും വൈകിക്കുക എന്ന തന്ത്രമാണ് സര്‍ക്കാരിന്റേതെന്നാണ് വിമര്‍ശനം ഉയരുന്നത്. 472 വീടുകളാണ് പൂര്‍ണമായി തകര്‍ന്നതെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. അപ്പീല്‍ അപേക്ഷകളും പരിഗണിച്ചതോടെ എണ്ണം 575 ആയി ഉയര്‍ന്നു. പുതിയ വീട് നിര്‍മിക്കാന്‍ നാലു ലക്ഷമാണ് സര്‍ക്കാര്‍ ധനസഹായം. ഇതില്‍ രണ്ടു ഗഡു വിതരണം മാത്രമാണ് പൂര്‍ത്തിയായത്. കാലവര്‍ഷം എത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെയാണ് ഈ ദുഃസ്ഥിതി.
വീടിന് തറ കെട്ടിക്കഴിഞ്ഞാല്‍ 95,000 രൂപയായിരുന്നു ആദ്യഗഡു. 75 ശതമാനം പണി പൂര്‍ത്തീകരിച്ചപ്പോള്‍ 1,55,000 രൂപ രണ്ടാം ഗഡുവായി നല്കി. ബാക്കി തുക വീട് പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് മാത്രമേ നല്‍കൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ വീടുകള്‍ നഷ്ടമായത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ കളക്ട്രേറ്റില്‍ ലഭിക്കുന്നുണ്ട്. ജനുവരി 31 വരെ ലഭിച്ച അപേക്ഷകളില്‍ പോലും ഇതുവരെ അന്തിമതീരുമാനം എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ജില്ലാതല അപ്പീല്‍ കമ്മിറ്റി അംഗങ്ങളായ പൊതുമരാമത്ത് കെട്ടിട വിഭാഗം എന്‍ജിനീയര്‍മാര്‍ അപേക്ഷകരുടെ വീട് പരിശോധിക്കും. തുടര്‍ന്നാണ് വീട് പൂര്‍ണമായോ ഭാഗികമായോ തകരാറിലെന്ന് വിലയിരുത്തുക. അതായത് ഇത്തവണത്തെ കാലവര്‍ഷത്തിലും വീട് നഷ്ടപ്പെട്ടവര്‍ അഭയാര്‍ത്ഥികളായി തുടരും എന്നതാണ് യാഥാര്‍ത്ഥ്യം. നാല് വിഭാഗങ്ങളിലായാണ് ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്.
വീടിന് 15 ശതമാനം നാശം നേരിട്ട വീടുകള്‍ക്ക് 10,000 രൂപ, 16 മുതല്‍ 29 ശതമാനം വരെ നാശമുള്ള വീടുകള്‍ക്ക് 60,000 രൂപ, 30 മുതല്‍ 59 ശതമാനം വരെ നഷ്ടം നേരിട്ട വീടുകള്‍ക്ക് ഒന്നേകാല്‍ ലക്ഷം. 60 മുതല്‍ 74 ശതമാനം വരെ നശിച്ച വീടുകള്‍ക്ക് രണ്ടര ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്നുതവണയാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: