ശ്രീരാമദേവനുമപ്പോളുരചെയ്തു:
‘തേരില്‍ കരേറുക സീതേ!വിരവില്‍ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ’
സുന്ദരിവന്ദിച്ചു തേരില്‍ക്കരേറിനാ-
ളിന്ദിരാവല്ലഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍;
ബാണചാപാസി തൂണീരാദികളെല്ലാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍
ലക്ഷ്മണനപ്പോള്‍, സുമന്ത്രരുമാകുലാല്‍
ദു:ഖേന തേര് തെളിച്ചീടിനാന്‍, ഭൂപനും
നില്‍ക്കുനില്‍ക്കെന്നു ചൊന്നാന്‍ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുള്‍ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനന്‍ ദൂരെ മറഞ്ഞപ്പോള്‍
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍
താപം മുഴുത്തു വിലപിച്ചു പിന്നാലെ
‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!
ദശരഥന്റെ കല്പനപ്രകാരം സുമന്ത്രര്‍ രഥം തയ്യാറാക്കി. ശ്രീരാമനും സീതയും ലക്ഷ്മണനും തേരില്‍ കയറിയപ്പോള്‍ ദശരഥന്, ”നില്ക്കൂ നില്ക്കൂ” എന്ന് വിളിച്ചു പറഞ്ഞു. ”പോകൂ, പോകൂ” എന്ന് ശ്രീരാമനും. രഥം അതിവേഗത്തില്‍ പാഞ്ഞു. ”ഹേ പ്രഭോ, നില്ക്കൂ, അങ്ങയെക്കാണാതെ ഞങ്ങള്‍ ജീവിക്കുന്നതെങ്ങനെ”യെന്നു പറഞ്ഞ് ജനങ്ങളെല്ലാം കരഞ്ഞുകൊണ്ട് പിന്നാലെ ഓടി. ‘ അന്ന് വൈകുന്നേരം അവര്‍ തമസാനദിയുടെ തീരത്തെത്തി. രാത്രി ജലം മാത്രം കഴിച്ച് ഉപവസിച്ചുകൊണ്ട് അവിടെ വസിച്ചു. അയോദ്ധ്യാവാസികളും ഉറക്കമായി. നേരം പുലരാറായപ്പോള്‍ ഉറങ്ങുന്ന അയോദ്ധ്യാവാസികള്‍ ഉണരുന്നതിനുമുമ്പ് രഥം തയ്യാറാക്കാന്‍ രാമന് ആവശ്യപ്പെട്ടു. ഈ പാവങ്ങള്‍ കൂടെവന്നാല്‍ വളരെ കഷ്ടപ്പെടും. രഥത്തില്‍ രാമലക്ഷ്മണന്മാരും സീതയും കയറി. ആദ്യം അയോദ്ധ്യയുടെ നേര്‍ക്ക് ഓടിച്ചു. പിന്നെ തിരിച്ച് കാട്ടിലേക്കുള്ള വഴിയേ അതിവേഗം പായിച്ചുവിട്ടു.
രാമന്റെ മറ്റൊരു അയനത്തിന്, ജീവിത യാത്രയക്ക് തുടക്കമായിരുന്നു അത്. ശ്രീരാമന്റെ ജീവിതത്തില്‍ നാല് യാത്രകളാണുള്ളത്. വിദ്യാഭ്യാസ കാലത്ത് വസിഷ്ഠ മഹര്‍ഷി യുടെ നിര്‍ദ്ദേശ പ്രകാരമുള്ള പഠനയാത്രയായിരുന്നു ആദ്യത്തേത്. വിശ്വാമിത്രനൊപ്പമായിരുന്നു രണ്ടാമത് യാത്ര. മഹര്‍ഷി മാരുടെ യാഗം മുടക്കുന്ന അസുരന്മാരെ ഇല്ലാതാക്കാന്‍ അയോധ്യയില്‍നിന്ന് സീതാദേവിയുടെ ജന്മസ്ഥലമായ ജനകപുരി (നേപ്പാള്‍)യിലേക്ക്. താടകാ നിഗ്രഹവും സീതാ സ്വയംവരവും ഈ യാത്രയില്‍. 14 വര്‍ഷം നീണ്ട കാനന വാസയാത്രയാണ് മൂന്നാമത്തേത്. രാജാവ് എന്ന നിലയില്‍ നടത്തിയ തീര്‍ത്ഥയാത്ര നാലാമത്തേതും.
അയോധ്യ
https://www.janmabhumidaily.com/news856756
പ്രയാഗ
https://www.janmabhumidaily.com/news856757
ചിത്രകൂടം
https://www.janmabhumidaily.com/news856758
ദണ്ഡകാരണ്യം
https://www.janmabhumidaily.com/news856759
പഞ്ചവടി
https://www.janmabhumidaily.com/news856947
കിഷ്കിന്ധ
https://www.janmabhumidaily.com/news856948
രാമേശ്വരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: