സ്വപ്ന പദ്ധതിയായ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് എന്ന ആധുനിക പട്ടുപാതാ പദ്ധതിക്ക് (മോഡേണ്‍ സില്‍ക്ക് റോഡ് പ്രൊജക്റ്റ്) പുറമെ ചൈന നടപ്പാക്കാന്‍ ശ്രമിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് മാരിടൈം സില്‍ക്ക് റോഡ്. തെക്കന്‍ ചൈനാക്കടല്‍, ദക്ഷിണ പസഫിക് സമുദ്രം, ഭാരതമഹാസമുദ്രം എന്നിവിടങ്ങളിലേക്കുള്ള തുറമുഖങ്ങളും അവയിലേക്കുള്ള പാതകളും ഇതില്‍ ഉള്‍പ്പെടുന്നു. മാരിടൈം സില്‍ക്ക് റോഡ് ആണ്, റോഡുവഴി നേരെ ബന്ധപ്പെടാന്‍ പറ്റാത്ത ലോകമേഖലകളുമായി ആധുനിക പട്ടുപാതയെ ബന്ധപ്പെടുത്തുന്നത്. ഇതുകൂടാതെ ‘ഐസ് സില്‍ക്ക് റോഡ്’ റഷ്യയുടെ ഉത്തരമേഖലയിലെ ആര്‍ട്ടിക് സമുദ്രത്തിലൂടെയുള്ള ചരക്കുഗതാഗതം വിഭാവനം ചെയ്യുന്നു. ഈ പദ്ധതി വാസ്തവത്തില്‍ ബുദ്ധിമുട്ടുള്ളതാണ്. കാരണം ശൈത്യമേഖലകളില്‍ അമിതമായ മഞ്ഞുവീഴ്ചയും തുറമുഖങ്ങളില്‍ ഐസ് കട്ടപിടിക്കുന്നതും കപ്പല്‍, റോഡ് ഗതാഗതങ്ങളെ അവതാളത്തിലാക്കാറുണ്ട്.
ലോകം ഇതേവരെ അധികം ശ്രദ്ധിക്കാത്ത മറ്റൊന്ന് ഇതിന്റെ മറവില്‍ ചൈന വികസിപ്പിക്കുന്നുണ്ട്. അതാണ് സൂപ്പര്‍ ഗ്രിഡ് പദ്ധതി. ചൈന, വടക്കു കിഴക്കന്‍ ഏഷ്യ, തെക്കു കിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, പശ്ചിമേഷ്യ എന്നീ പ്രദേശങ്ങളിലെ ഊര്‍ജ്ജക്ഷാമം പരിഹരിക്കുന്നതിനായി ചൈന ആറ് വലിയ സൂപ്പര്‍ ഗ്രിഡ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. ഇത്രയും ഇടത്തെ ഊര്ജ്ജോത്പാദനത്തിന്റെയും വിതരണത്തിന്റെയും നേരിട്ടുള്ള നിയന്ത്രണം ചൈനയ്ക്കായിരിക്കുമെന്ന നേട്ടം അതില്‍ അവര്‍ക്കുണ്ട്. ഇന്നത്തെ കാലത്ത് ഊര്‍ജ്ജ വിതരണത്തിനും അതിന്റെ നിയന്ത്രണത്തിനും അല്‍ഗോരിതങ്ങളും സോഫ്റ്റ് വെയറുകളും ഉണ്ടാകുമെന്നത് അവഗണിക്കാനാകില്ല. അതിലെ അപകടമുള്ള വശം എന്തെന്ന് ചിന്തിച്ചാല്‍, ചൈന ഇടഞ്ഞാല്‍, ലോകത്തിന്റെ അത്രയും ഭാഗത്തെ ഇരുട്ടിലാക്കാനും ചലനരഹിതമാക്കാനും ചൈന വിചാരിച്ചാല്‍ സാധിക്കും. റെയില്‍വേയും എയര്‍പോര്‍ട്ടുകളും പോലും അവര്‍ നല്കുന്ന ഊര്‍ജ്ജത്തെ ആശ്രയിക്കേണ്ടി വരുമ്പോള്‍, അത്രയും രാജ്യങ്ങളുടെ മേല്‍ അപ്രഖ്യാപിത മേല്‍ക്കോയ്മയാണ് ചൈന നേടുന്നത്.
ഈ പദ്ധതിയിലൂടെ ചൈന ലോകത്തിനുമേല്‍ നേടാന്‍ ശ്രമിക്കുന്ന ആധിപത്യം അവഗണിക്കാനാകില്ല. മേല്‍പ്പറഞ്ഞ യൂറേഷ്യന്‍ മേഖല മാത്രമല്ല, ലോകമാസകലം ഈ പദ്ധതിയുടെ ഭാഗമാക്കുക എന്നുള്ളതാണ് ചൈനീസ് അജണ്ട. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ ഭാഗമാകാനായി തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കിടക്കുന്ന രാജ്യങ്ങളും നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളും ചൈനയുമായി കരാറുകള്‍ ഒപ്പിട്ടുകഴിഞ്ഞു. ആ കരാറുകള്‍ ഒപ്പുവച്ച രാജ്യങ്ങളില്‍ ചൈന അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കായി പണം മുടക്കും. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ ദൊരാലേ തുറമുഖം, ഹസ്സന് ഗൗള്‍ഡ് ആപ്ടിഡോണ് എയര്‍പോര്‍ട്ട്, എത്തിയോപ്പിയയിലെ വ്യവസായമേഖല, ആഡിസ് അബാബ-ജിബൂട്ടി റെയില്‍വേലൈന്‍, കെനിയയിലെ മോംബാസ-നെയ്റോബി റെയില്‍വേ, നൈജീരിയയില്‍ റെയില്‍വേ, തെരഞ്ഞെടുക്കപ്പെട്ട ആയിരം നൈജീരിയന്‍ ഗ്രാമങ്ങളില്‍ ടെലിവിഷന്‍ സേവനം, ഒപ്പം, നിരവധി നൈജീരിയന്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക വരുമാനപദ്ധതി, സുഡാന് ഊര്‍ജ്ജ സുസ്ഥിരത, സുഡാനില്‍ സോളാര്‍-ന്യൂക്ലിയര്‍ പ്രോജക്റ്റുകള്‍, റെയില്‍വേ എന്നിവയെല്ലാം ചൈനയുടെ ആഫ്രിക്കന്‍ മേഖലയിലെ ഇപ്പോള്‍ തുടങ്ങപ്പെട്ടതോ ഉടനെ തുടങ്ങാനിരിക്കുന്നതോ ആയ പദ്ധതികളാണ്. ഇവയില്‍ മിക്കതിലും അതാത് രാജ്യങ്ങളും ചൈനയുമായി കരാറുകളില്‍ ഒപ്പിട്ടുകഴിഞ്ഞു.
യൂറോപ്പുമായുള്ള വ്യാപാര ബന്ധത്തില്‍ ചൈന കുറെയധികം മുന്നോട്ടു പോയിട്ടുണ്ട്. അതിന്റെ ഭാഗമായി നാല്പതിലധികം ചൈനീസ് നഗരങ്ങളും അത്രയുംതന്നെ യൂറോപ്യന്‍ നഗരങ്ങളും ഇറാനിലെ ടെഹ്റാന് നഗരവും ബന്ധിപ്പിച്ചുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കപ്പെട്ടിട്ടുണ്ട്. അര്‍മേനിയ, ഗ്രീസ്, ഇറ്റലി, ലക്സംബര്‍ഗ്ഗ് എന്നിവ പദ്ധതിയുമായി സഹകരിക്കുന്നതില്‍ ഇപ്പോള്‍ മുന്നിലാണ്. റഷ്യയും സ്വിറ്റ്സര്‍ലാന്‍ഡും ചൈനയുമായി സഹകരണത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു.
യൂറോപ്പ് തൊട്ട് കൊറിയ വരെയുള്ള മുഴുവന്‍ യൂറേഷ്യയുടെയും ക്രയവസ്തുക്കളുടെ ചലനം ചൈനയുടെ നിയന്ത്രണത്തില്‍ ആകുമെന്ന വിധത്തിലാണ് പുതിയ സില്‍ക്ക് റോഡ് പദ്ധതിയുടെ വിഭാവനം. ബലൂചിസ്ഥാനില്‍ മാത്രം അഞ്ചുലക്ഷത്തിലധികം ചൈനക്കാര്‍ക്ക് നേരിട്ട് ആ പദ്ധതിയുടെയും അനുബന്ധ പദ്ധതികളുടെയും ഭരണസംവിധാനവുമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്യേണ്ടിവരും. കൃത്യമായി പറയുകയാണെങ്കില്‍ ലോകത്തിന്റെ സമ്പദ് സംവിധാനങ്ങളുടെ നിയന്ത്രണം ചൈനയുടെ കയ്യിലാകുന്ന വിധത്തിലാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആഗോള അക്കാദമികതയുടെ മേല്‍ ചൈനയ്ക്കുണ്ടാകുന്ന മേല്‍ക്കോയ്മയാണ് മറ്റൊന്ന്. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിക്കുള്ള അക്കാദമിക സംഭാവനകള്‍ക്കായി ഒരു സര്‍വ്വകലാശാലതന്നെ ചൈന മാറ്റിവച്ചിരിക്കുന്നു. ഷിയാന്‍ ജിയായോതോങ് സര്‍വ്വകലാശാല ആണത്. ലോകം മുഴുവന്‍ സ്വാധീനം ചെലുത്തുന്ന ഒരു സമ്പദ് പദ്ധതിയുടെ ഗവേഷണമേല്‍നോട്ടം ഒരു ചൈനീസ് സര്‍വ്വകലാശാല നിര്‍വഹിക്കുമ്പോള്‍, ലോകത്തിന്റെ അക്കാദമിക-ഗവേഷണമേഖലകളില്‍ ചൈനീസ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് നേരിട്ട് സ്വാധീനം ഉണ്ടാകാന്‍ പോകുകയാണ് ചെയ്യുന്നത്. അതായത്, ചൈനീസ് സര്‍വ്വകലാശാലകള്‍ ലോക സമ്പദ്വ്യവസ്ഥയുടെ ബൗദ്ധികകേന്ദ്രങ്ങളായി മാറും.
ലോകത്താദ്യമായി ചൈനയുടെ നേരിട്ടുള്ള സ്വാധീനം മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ഉണ്ടാകാന്‍ പോകുന്ന അവസരം ഈ പദ്ധതിയിലൂടെ ആയിരിക്കും. ലക്ഷക്കണക്കിന് ചൈനക്കാര്‍ക്ക് ഇതിലൂടെ ചൈനയ്ക്ക് വെളിയില്‍ സേവനം അനുഷ്ഠിക്കേണ്ടതായി വരും. ഇതിലൂടെ ചൈനയുടെ സാമ്പത്തികം മാത്രമല്ല, സാമൂഹികവും ഭാഷാപരവും സാംസ്കാരികവുമായുള്ള വിനിമയങ്ങളും ലോകത്തിന്റെ ഇതരഭാഗങ്ങളുമായി ഉണ്ടാകും. ചൈനീസ് സംസ്കാരവും ചൈനീസ് ജനിതകവും അന്യരാജ്യങ്ങളില്‍ മിശ്രണം ചെയ്യപ്പെടുന്ന ഒരവസ്ഥ സൃഷ്ടിക്കപ്പടും.
ചൈന ഈ പദ്ധതിക്ക് ഏറ്റവും വലിയ തടസ്സമായി കാണുന്നത് ഭാരതത്തിന്റെ എതിര്‍പ്പിനേയും പാക്കിസ്ഥാനിലെ ബലൂചികള്‍ നടത്തുന്ന സാതന്ത്ര്യ പോരാട്ടത്തെയുമാണ്. ബലൂചിസ്ഥാനിലെ ഭാരതത്തിന്റെ സ്വാധീനം ചൈനയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. പാകിസ്ഥാനിലെ ഗ്വദര്‍ തുറമുഖത്തുനിന്നു പാട്ടുപാതയിലേക്ക് സുരക്ഷിതമായി ചരക്കുകള്‍ എത്താത്ത കാലത്തോളം ചൈനയുടെ പദ്ധതി വിജയിക്കില്ല. തെക്കന്‍ ചൈനാക്കടലിലും അറബിക്കടലിലും മാത്രമാണ് ചൈനയ്ക്ക് ശൈത്യകാലത്ത് ചരക്കുനീക്കം നടത്താനാവുക. ഗള്‍ഫ്, ആഫ്രിക്കന്‍ മേഖലകളുമായി ഏറ്റവും ചെലവുകുറഞ്ഞ ചരക്കുനീക്കത്തിന് ഗ്വദര്‍ തുറമുഖവും അതിലേക്ക് തുറക്കുന്ന ചൈന-പാക് വ്യവസായ ഇടനാഴിയും അവര്‍ക്ക് യാഥാര്‍ഥ്യമാക്കിയേ പറ്റൂ. ഭാരതം എതിര്‍ക്കുന്ന കാലത്തോളം അത് നടക്കില്ല എന്ന് ചൈനയ്ക്ക് ബോധ്യമുണ്ട്. മറ്റൊന്ന്, ബാലക്കോട്ടിനു ശേഷം ഭാരതം പാകിസ്ഥാനെതിരെ അറബിക്കടലില്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ്. അത് കറാച്ചി-ഗ്വദര്‍ തുറമുഖങ്ങളെ അന്ന് സ്തംഭിപ്പിച്ചു. പാകിസ്ഥാനെ പിന്തുണച്ചുകൊണ്ട് ഭാരതത്തെ പ്രകോപിപ്പിക്കുന്നതിലെ എല്ലാ അപകടവും ചൈന തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു അത്. മ്മുടെ വൈമാനികന് അഭിനന്ദന് വര്‍ദ്ധമാനെ വിട്ടുകിട്ടാന്‍ ഭാരതം ശ്രമിക്കുമ്പോള്‍, ചൈന പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതില്‍ ആ ഉപരോധത്തിന് പങ്കുണ്ട്.
ഇനി, ബലൂചിസ്ഥാന്‍ ഒരു സ്വതന്ത്ര രാജ്യമായി എന്നിരിക്കട്ടെ. ഇപ്പോള്‍ ഈ റോഡ് പദ്ധതിയില്‍ ചൈന പാക്കിസ്ഥാനുമായി ഒപ്പിട്ടിരിക്കുന്ന കരാര്‍ അതോടെ അസാധുവാകും. ബലൂചിസ്ഥാന്‍ പിന്നെ ആശ്രയിക്കാനും അനുസരിക്കാനും പോകുന്നത് ഭാരതത്തെ ആയിരിക്കുമെന്നു ചൈനയ്ക്ക് തീര്‍ച്ചയുണ്ട്. അപ്പോള്‍, ഇതേപദ്ധതി ചൈനയ്ക്ക് പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഭാരതത്തിന്റെ സഹായം വേണ്ടിവരും.
ചൈന അവരുടെ അടുത്ത അഞ്ഞൂറ് വര്‍ഷങ്ങളുടെയെങ്കിലും ഭാവിയും ലോകത്തിലെ ഒരു വലിയ മേഖലയ്ക്കുമേല്‍ അവര്ക്കുണ്ടാക്കാനാകുന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സ്വാധീനങ്ങളും കണക്കാക്കിയാണ് ഈ വലിയ പദ്ധതി കൊണ്ടുവരുന്നത്. അതെല്ലാം ഒരു മസൂദ് അസര്‍ കാരണം തടസ്സപ്പെടാന്‍ ഇപ്പോള്‍ അവരാഗ്രഹിക്കുന്നില്ല. സ്വന്തം സഖ്യകക്ഷിയായ പാക്കിസ്ഥാനെ വിഷമിപ്പിച്ചും, പാക് മിലിട്ടറിയുടെ അരുമയായ ഇമ്രാന്‍ഖാനെ അയാളുടെ ഭരണകാലത്തെ ഏറ്റവും വലിയ നയതന്ത്ര പരാജയംകൊണ്ട് വേദനിപ്പിച്ചും ചൈന ഇപ്പോള്‍ വിട്ടുവീഴ്ച ചെയ്യുന്നു. ചൈനയുടെ കക്ഷത്തില്‍ തലവച്ചുകൊടുത്തിരിക്കുന്ന പാകിസ്ഥാനെ എന്തായാലും തത്ക്കാലം പറഞ്ഞുനിര്‍ത്താന്‍ ചൈനയ്ക്കായേക്കും.
ലോകത്തിനു ഭീഷണിയായ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ ഭാരതം ഇപ്പോള്‍ നേരിട്ട് ഗുണഭോക്താവല്ല. മറ്റൊന്ന്, ആഫ്രിക്കയിലെ ജിബൂട്ടിയിലും ശ്രീലങ്കയിലെ ഹമ്പന്തോട്ടയിലും ചൈന ഇപ്പോള്‍ ഭാരതത്തിനുനേരെ ഉയര്‍ത്തുന്ന സൈനികഭീഷണിയ്ക്ക് പരിഹാരം കണ്ടിട്ടില്ല. അവയിലൊക്കെ ഒരു തീരുമാനമാകാതെ ഭാരതം വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയെ അനുകൂലിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുമെന്ന് കരുതാനുമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: