കളമശേരി: വാടക വീട്ടില്‍ ഭാര്യയെയും മകനെയും ഭാര്യാ മാതാവിനെയും തീ കൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങി മരിച്ചു. പട്ടിമറ്റം ചെങ്ങര കീച്ചേരിച്ചാലില്‍ ബിന്ദു (29), മകന്‍ ഒന്നര വയസ്സുള്ള ശ്രീഹരി, ഭാര്യാമാതാവ് ആനന്ദവല്ലി (55)എന്നിവരാണു കൊല്ലപ്പെട്ടത്. ബിന്ദുവിന്റെ ഭര്‍ത്താവും കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനുമായ ചേര്‍ത്തല വാരണാട് തോപ്പുവെളി പി. സിജിയാണ് (40) തൂങ്ങിമരിച്ചത്.
കൊച്ചി സര്‍വകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്‌ക്കു താമസിക്കുകയാണു സിജിയും കുടുംബവും. ഭാര്യ ബിന്ദുവും ഒന്നര വയസ്സുകാരന്‍ മകനും നിലത്തു പായയില്‍ കിടന്നുറങ്ങുമ്പോള്‍ ഇരുവരുടെയും ശരീരത്തിലേക്കു മണ്ണെണ്ണ ഒഴിച്ച് സിജി തീകൊളുത്തിയതാകാമെന്നാണു പോലീസ് നിഗമനം. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മയേയും തീകൊളുത്തിയ ശേഷം പുറത്തെ ബാത്ത് റൂമില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ബിന്ദുവും കുഞ്ഞും സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. നിലത്തു കത്തിക്കരിഞ്ഞ പായയില്‍ കിടക്കുന്ന നിലയിലാണു ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊള്ളലേറ്റു പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. ആനന്ദവല്ലിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പത്തുമണിയേടെ മരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിജിയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് അനുമാനിക്കുന്നത്. സിജി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. ആനന്ദവല്ലിയുടെ മൊഴി രാവിലെ തന്നെ മെഡിക്കല്‍ കോളേജിലെത്തി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
ആനന്ദവല്ലിയുടെയും ബിന്ദുവിന്റെയും ശ്രീഹരിയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
















