കോട്ടയം: ഹിന്ദുമത വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും വൈവിധ്യമാര്‍ന്ന ക്ഷേത്രാചാര സംവിധാനത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ചെറുക്കാന്‍ പൊതുവേദി ഉണ്ടാക്കുന്നതിനായി 20ന് കോട്ടയം തിരുനക്കര സ്വാമിയാര്‍ മഠത്തില്‍ ആചാര്യസഭ ചേരും. ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിച്ചുപോരുന്ന സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയും ഏകീകരണം ലക്ഷ്യമിട്ടാണ് ആചാര്യസഭ.
കേരളത്തിലെ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ വൈദികര്‍, തന്ത്രിമാര്‍, മേല്‍ശാന്തി, ജ്യോതിഷികള്‍, വാസ്തു ശാസ്ത്രജ്ഞര്‍, ആദ്ധ്യാത്മിക പ്രഭാഷകര്‍, ഭാഗവത ആചാര്യന്മാര്‍, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമി തുടങ്ങിയ സനാതന ധര്‍മ്മ സംരക്ഷകരായ ആചാര്യന്മാര്‍ ഈ സഭയിലുണ്ടാകും. ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ ഈ ദൗത്യം ഏറ്റെടുക്കാന്‍ ഇന്നലെ നടന്ന മാര്‍ഗ്ഗദര്‍ശക മണ്ഡലം തീരുമാനിച്ചു.
ആചാര്യസഭയുടെ ഉദ്ഘാടനം രാവിലെ 10നു മാര്‍ഗ്ഗദര്‍ശകമണ്ഡലം പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കും. ആചാര്യസഭയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണം തിരുനക്കര വിഎച്ച്പി ഹാളില്‍ സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് പിഎന്‍എസ് നമ്പൂതിരി അദ്ധ്യക്ഷനായി. ബ്രഹ്മചാരി സുധീര്‍ ചൈതന്യ, വിഎച്ച്പി സംസ്ഥാന ധര്‍മ്മാചാര്യ സമ്പര്‍ക്ക പ്രമുഖ് കെ.ആര്‍. ശശിധരന്‍, ജില്ലാ സെക്രട്ടറി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി, ബാലഗോകുലം മേഖലാ സെക്രട്ടറി പി.സി. ഗിരീഷ്‌കുമാര്‍, കെ.ജി. ലക്ഷ്മണന്‍, സോമന്‍, അഡ്വ. ജഗന്മയലാല്‍, കെ.ആര്‍. ശ്യാമള എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി പിഎന്‍എസ് നമ്പൂതിരി (പ്രസി.) രാജേഷ് നട്ടാശേരി (ജന. കണ്‍വീനര്‍) പി.സി. ഗിരീഷ് കുമാര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
















