തിരുവനന്തപുരം: കലാലയങ്ങളില്‍ മത തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്ത വകുപ്പ് പൂഴ്ത്തി. 2013ല്‍ തിരുവന്തപുരം സ്റ്റുഡന്റ് സെന്ററില്‍ നടന്ന ക്യാമ്പസ് ഫ്രണ്ട് ആക്രമണം മുതല്‍ നിരവധി റിപ്പോര്‍ട്ടുകളാണ് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്ക് ഇന്റലിജന്‍്സ് വിഭാഗം നല്‍കിയത്. അവയെല്ലാം മതപ്രീണനത്തിനായി പൂഴ്ത്തി.
2013 ല്‍ ക്യാമ്പസ് ഫ്രണ്ട് സംഘം സ്റ്റുഡന്റ്സ് സെന്ററില്‍ ആക്രമണം നടത്തി. എസ്എഫ്ഐക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന് മുന്‍പേ തന്നെ തീവ്രസ്വാഭാവമുള്ള സംഘടനകള്‍ ക്യാമ്പസുകളില്‍ പിടിമുറുക്കുന്ന വിവരം ഇന്റലിജന്‍സ് നല്‍കിയിരുന്നു.
എന്നാല്‍, തുടരന്വേഷണമുണ്ടായില്ല. തുടര്‍ന്ന് ഇങ്ങോട്ടുള്ള വര്‍ഷങ്ങളിലും ഓരോ സംഘര്‍ഷത്തിലും കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017, 2018ലായി നാലു റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. മഹാരാജാസ് കോളേജില്‍ അഭിമന്യൂ കൊല്ലപ്പെടുന്നതിന് മുമ്പും അതിനു ശേഷവും തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എസ്എഫ്ഐയ്ക്ക് ഏകാധിപത്യമുള്ള സ്ഥലങ്ങളില്‍ ഇവര്‍ വേഗത്തില്‍ വേരുറപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകാധിപത്യമുള്ളതിനാല് എസ്എഫ്ഐ അനുഭാവികളായി ഇവര്‍ ക്യാമ്പസില്‍ പ്രവേശനം നേടും. തുടര്‍ന്ന് ഇവര്‍ എസ്എഫ്ഐയ്ക്ക് ഒപ്പം നില്ക്കും, എന്നാല്‍, അവരുടെ സംഘടനയക്കായി പ്രവര്‍ത്തിക്കും.
സംഘടനയ്ക്ക് ആവശ്യമായ ആളുകള്‍ എത്തിക്കഴിയുമ്പോള്‍ അവര്‍ സംഘടനാപ്രവര്‍ത്തനം പരസ്യമാക്കും. എസ്എഫ്ഐയുടെ ഏകാധിപത്യത്തില്‍ എതിര്‍പ്പുള്ളവരുടെ പിന്തുണ കൂടി അവര്‍ക്ക് ലഭിക്കും. എസ്എഫ്ഐക്കാര്‍ പ്രവര്‍ത്തനം തടയാനെത്തിയാല്‍ നേതാക്കന്മാരെ ഉള്‍പ്പെടെ ആക്രമിച്ച് തിരിച്ചടിക്കും. ഇതോടെ ക്യാമ്പസില്‍ അവര്‍ വേരുറപ്പിക്കുമെന്നും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടാണ് 2013 ലെ സ്റ്റുഡന്റ്സ് സെന്റര്‍ ആക്രമണ സമയത്ത് ഡോ. ടി.പി. സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവി ആയിരിക്കെ നല്‍കിയത്.
ഏതാനും മാസം മുമ്പ് വര്‍ക്കലയിലെ ഒരു കോളേജിലെ ക്യാമ്പസില്‍ ഒസാമ ബിന്‍ലാദനോട് അനുഭാവം പ്രകടിപ്പിച്ചതില്‍ ഉള്‍പ്പെടെ ചില സംഘടനകളുടെ പേരുകള്‍ എടുത്ത് പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം വെളിച്ചം കാണിക്കാതെ തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: