തിരുവനന്തപുരം : എസ്എഫ്‌ഐ യൂണിയനില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ റിപ്പോര്‍ട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സെക്രട്ടറി സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
അതേസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കുട്ടി തയ്യാറായില്ല. എസ്എഫ്ഐ യൂണിയന്റെ ഭീഷണിയെതുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും. നിര്‍ബന്ധിച്ച് പരിപാടികളില്‍ പങ്കെടുപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
ഒന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനി വെള്ളിയാഴ്ചയാണ് കയ്യിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പിറ്റേദിവസം രാവിലെ കോളേജില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
















