കൊച്ചി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള 11 സീനിയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ക്ക് അഭിമാനകരമായ നേട്ടം. ആകെ പരീക്ഷ എഴുതിയ 828 കുട്ടികള്‍ വിജയിച്ച് നൂറ് ശതമാനം നേട്ടമാണ് കൈവരിച്ചത്. 60 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ലഭിച്ചു. 527 ഡിസ്റ്റിങ്ഷനും, 276 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
സയന്‍സ് വിഭാഗത്തില്‍ എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനിലെ അരവിന്ദ് അജയ് 98.6 ശതമാനം, കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ നിരഞ്ജന്‍.എ 98 ശതമാനം, കോഴിക്കോട് മലാപറമ്പ് വേദവ്യാസ വിദ്യാലയത്തിലെ നിവേദ്യ 98 ശതമാനം, കൊമേഴ്‌സ് വിഭാഗത്തില്‍ കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ അഖില രാജ് 97 ശതമാനം, കെ.കൃഷ്ണപ്രിയ 97 ശതമാനം, ഹ്യുമാനിറ്റീസില്‍ പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അഞ്ജന.എസ് 99 ശതമാനം (സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക്) എന്നിവര്‍ ഉന്നത വിജയം കരസ്ഥമാക്കി.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചെറുതും വലുതുമായി 400ല്‍ പരം വിദ്യാലയങ്ങള്‍ ഭാരതീയ വിദ്യാനികേതന്റെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്നു. അതില്‍ 42 വിദ്യാലയങ്ങള്‍ സിബിഎസ്ഇ അംഗീകാരമുള്ള വിദ്യാലയങ്ങളാണ്. ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര വിദ്യാഭ്യാസ പ്രസ്ഥാനമായ വിദ്യാഭാരതിയുടെ കേരള ഘടകമാണ് ഭാരതീയ വിദ്യാനികേതന്.
















