കൊച്ചി: ജലന്ധര്‍ രൂപത വികാരിയില്‍ നിന്ന് പഞ്ചാബ് പോലീസ് തട്ടിയെടുത്ത ആറ് കോടിയില്‍ 2.38 കോടി രൂപ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ രണ്ട് എഎസ്‌ഐമാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പണം കണ്ടെത്തിയത്. മലയാളി വികാരി ആന്റണി മാടശ്ശേരിയില്‍നിന്ന് പണം തട്ടിയ കേസില്‍ കൊച്ചിയില്‍ പിടിയിലായ പോലീസ് ഉദ്യോഗസ്ഥരെ പഞ്ചാബ് പോലീസിന് കൈമാറി.
തട്ടിയെടുത്ത പണത്തിന്റെ ഒരുപങ്ക് അമേരിക്കയിലുള്ള കാമുകിക്ക് അയച്ചെന്നാണ് പോലീസുകാരന്റെ മൊഴി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയുടെ അടുപ്പക്കാരനായ വികാരി ആന്റണി മാടശേരിയില്‍ നിന്നാണ് പഞ്ചാബ് പോലീസ് കോടികള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത 16.5 കോടിയില്‍ 6.65 കോടി പോലീസുകാര്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് വികാരി രംഗത്തെത്തി. 9.66 കോടി രൂപ മാത്രമേ ആദായനികുതിവകുപ്പിനു പൊലീസ് കൈമാറിയിട്ടുള്ളൂ എന്ന വിവരം പുറത്താവുകയും ചെയ്തു.
വികാരിയുടെ പരാതിയില്‍ പഞ്ചാബ് ഡിജിപി അന്വേഷണം പ്രഖ്യാപിച്ചതോടെ രാജ്പ്രീത്, ജോഗീന്ദര് സിങ് എന്നിവര്‍ മുങ്ങുകയായിരുന്നു. ഇവരെ കഴിഞ്ഞ ചൊവ്വാഴ്‌ച്ച കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ നിന്ന് അറസ്റ്റുചെയ്തു. നേപ്പാളില്‍ നിന്നാണ് പണം അമേരിക്കയ്‌ക്ക് അയച്ചതെന്ന് രാജ്പ്രീത് വെളിപ്പെടുത്തി. 1.75 കോടി പാരിസിലുള്ള സുഹൃത്തിനും അയച്ചുകൊടുത്തിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
കൊച്ചിയിലെത്തിയ ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മട്ടാഞ്ചേരിയിലെ ഹോം സ്റ്റേയില്‍ വൈഫൈ കണക്ട് ചെയ്തതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. അന്വേഷണച്ചുമതലയുള്ള ഐജി അടക്കം കൊച്ചിയിലെത്തി. എഎസ്‌ഐമാരുടെ കൂട്ടാളി സുരീന്ദര്‍ സിങ് ജലന്ധറില്‍ അറസ്റ്റിലായിരുന്നു. നേപ്പാളിലടക്കമെത്തിച്ച് തെളിവെടുക്കുംമെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
















