തൃശൂര്‍: മറ്റൊരാളുടെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനെതിരായ വിവാദത്തില്‍ കോളേജ് പ്രിന്‍സിപ്പാളിന് യുജിസി നോട്ടീസ്. എസ്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തില്‍ കോളേജ് മാനേജ്‌മെന്റിന്റെ നിലപാടു വ്യക്തമാക്കണമെന്നും നോട്ടീസിലുണ്ട്. കവിത മോഷണത്തില്‍ കോളേജ് തലത്തില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ ആ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുള്ള പരാതിയിലാണ് യുജിസിയുടെ ഇടപെടല്‍. യുവ കവി എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ കോളേജ് അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.
മറ്റൊരു സുഹൃത്ത് അയാളുടേതെന്ന് പറഞ്ഞ് തന്ന കവിതയാണ് താന്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതെന്നും ഇത് എസ്. കലേഷിന്റേതായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല എന്നുമൊക്കെ ന്യായീകരിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ദീപയുടെ കോപ്പിയടി വിവാദം ഇപ്പോഴും സജീവചര്‍ച്ചയാണ്.
കവിതാ മോഷണ വിവാദത്തില്‍ അധ്യാപക സംഘടനയില്‍ തന്നെ വിള്ളല്‍ ഉണ്ടായിരുന്നു. പരാതിയില്‍ കോളേജ് മാനേജ്‌മെന്റ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തന്നെ പ്രിന്‍സിപ്പാളിനോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല.
















