ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞതോടെ തീരമേഖലയില്‍ വറുതി, കാലാവസ്ഥാ പ്രവചനങ്ങളുടെ പേരില്‍ നിരന്തരം കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതും മത്സ്യതൊഴിലാളി കുടുംബങ്ങളെ വലയ്‌ക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന്‍ കടലാസില്‍ ഒതുങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ മത്സ്യങ്ങളുടെ ലഭ്യതയില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. മത്സ്യബന്ധനത്തിന് പോകുന്നവരാകട്ടെ പലപ്പോഴും വെറുംകൈയോടെയാണ് മടങ്ങിവരുന്നത്. ഇന്ധന ചെലവ് ഇവര്‍ക്ക് വന്‍ ബാധ്യതയായി. ഇതോടെ എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ ഇറക്കാന്‍ കഴിയുന്നില്ല.
ചെറുവള്ളങ്ങളിലും പൊങ്ങുകളിലും മറ്റും നീട്ടുവലകളുമായി പോയി ചെറുമീനുകളെ പിടിച്ചാണ് ഇപ്പോള്‍ ഇവര്‍ ഉപജീവനം കണ്ടെത്തുന്നത്. ന്യൂനമര്‍ദ്ദ മുന്നറിയിപ്പിനെത്തുടര്‍ന്ന് കടലില്‍ ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദ്ദേശം വന്നതോടെ അതും നിലച്ചു.
സാധാരണയായി ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ മത്സ്യ സീസണായാണ് കരുതുന്നത്. എന്നാല്‍ ഈ വര്‍ഷം വിപരീത സ്ഥിതിയാണ്. തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പിന് ഭീഷണിയാകുകയാണ്. ഓഖി ദുരന്തത്തിന്ശേഷം മത്സ്യങ്ങളുടെ ലഭ്യതയില്‍ വന്‍തോതില്‍ കുറവ് വന്നിരുന്നു. നിരോധിത പെലാജിക് ട്രോളിങ്ങിന് കടിഞ്ഞാണിടാന്‍ കഴിയാതെ വന്നതും മത്സ്യസമ്പത്ത് നശിക്കാന്‍ കാരണമായിട്ടുണ്ട്.
മത്സ്യബന്ധന വല രണ്ട് ബോട്ടുകളില്‍ ബന്ധിച്ച് കടല്‍ അരിച്ചുപെറുക്കുന്ന രീതിയാണ് പെലാജിക് ട്രോളിങ്. ചിലപ്പോള്‍ മൂന്നു ബോട്ടുകള്‍ വരെ ഈ രീതിയില്‍ കൂട്ടായി വല വിരിക്കും. ചെറുമീനുകള്‍ കൂട്ടത്തോടെ നശിക്കുവാന്‍ ഈ രീതി കാരണമാകുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്ത് നിന്നുമുള്ള ബോട്ടുകാര്‍ പെലാജിക് ട്രോളിങ് നടത്തുന്നത് പതിവാണ്. കായല്‍ക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും തുടര്‍ച്ചയായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യറേഷന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ റേഷന്‍ ലഭിച്ചുതുടങ്ങിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
















