തിരുവനന്തപുരം: സിപിഎമ്മിനു പിന്നാലെ കാസര്‍കോട് മൂന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദ്ദേശം. ഇതോടെ കള്ളവോട്ട് ചെയ്ത ഏഴ് പേരാണ് നിയമ നടപടി നേരിടുന്നത്.
കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് കള്ളവോട്ട് നടന്നതെന്നും മൊഴി. ഇതോടെ എല്‍ഡിഎഫിനൊപ്പം യുഡിഎഫും കള്ളവോട്ട് വലയില്‍ കുരുങ്ങി. കല്യാശേരിയിലെ കല്ല്യങ്ങാടി, പുതിയങ്ങാടി എന്നിവിടങ്ങളില്‍ കള്ളവോട്ടു നടന്നെന്നാണു പരാതി ഉയര്‍ന്നത്. മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാകളക്ടറുടെ അന്വേഷണത്തിലാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. ഷാഷിക്, മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, കെ.എം.മുഹമ്മദ് എന്നിവര്‍ പലതവണ പോളിങ് ബൂത്തിലെത്തിയെന്ന് കണ്ടെത്തി.
പുതിയങ്ങാടിയില്‍ മുഹമ്മദ് ഫയസ് കള്ളവോട്ടു ചെയ്തു. 70-ാം നമ്പര്‍ ബൂത്തില്‍ 4.10ന് എത്തിയ ഇയാള്‍ 4.14 ന് വോട്ട് ചെയ്തു. ബൂത്ത് 69 ല്‍ 4.30ന് എത്തി 4.44 ന് വോട്ട് ചെയ്തു. കെ.എം.മുഹമ്മദ് മൂന്നു തവണ വോട്ട് ചെയതെന്നാണ് തെളിഞ്ഞത്. 69-ാം ബൂത്തില്‍ 4.05 ന് എത്തിയ ഇയാള്‍ 4.08 ന് ആദ്യ വോട്ട് ചെയ്തു. അതേബൂത്തില്‍ 4.15 ന് കംപാനിയന് വോട്ട് ചെയ്തശേഷം 5.26ന് വീണ്ടും എത്തി ഇയാള്‍ 5.28 ന് ഗള്‍ഫിലുള്ള സക്കീര്‍ എന്ന ആളുടെ പേരില്‍ വോട്ട് ചെയ്തെന്നും കണ്ടെത്തി. കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വോട്ട് ചെയ്തതെന്ന് ഇയാള്‍ കളകടര്‍ക്ക് മൊഴിനല്‍കിയിട്ടുണ്ട്.
ബൂത്ത് നമ്പര്‍ 69 ല്‍ 4.38 ന് എത്തിയ അബ്ദുള്‍ സമദ് 4.47 ന് വോട്ട് ചെയ്തു. അതേ ബൂത്തില്‍ 5.27 ന് എത്തിയ ഇയാള്‍ 5.29 ന് രണ്ടാമത്തെ വോട്ടും രേഖപ്പെടുത്തി. അതേസമയം പരാതി ഉയര്‍ന്ന അബ്ദുള്‍ സമദ് കളക്ടറുടെ മുമ്പില്‍ ഹാജരായില്ല. ഇയാള്‍ക്ക് വാറണ്ട് അയക്കാനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും ടിക്കാറാം മീണ പറഞ്ഞു. 69-ാം നമ്പര്‍ ബൂത്തില്‍ 4.59 ന് എത്തിയ ഹാഷിക് അകത്തേക്ക് പ്രവേശിച്ചില്ല. തിരികെ 5.12 ന് എത്തിയ ഇയാള്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്തിയെന്നും തെളിഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കള്ളവോട്ട് നടന്നതായി ആ സമയം തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നാല് മണിക്ക് ശേഷം തിരക്കായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് നല്കിയ വിശദീകരണം.
വോട്ടര്‍ പട്ടികയില്‍നിന്നു പേരുകള്‍ മാറ്റിയത് പരിശോധിക്കും
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നിന്നു നൂറുകണക്കിനു പേരുകള്‍ അനധികൃതമായി മാറ്റിയെന്ന പരാതി പരിശോധിച്ചു നടപടിയെടുക്കുമെന്ന്് ടിക്കാറാം മീണ. ബോധപൂര്‍വം ഒഴിവാക്കിയതാണെന്നു കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ബൂത്ത് ലെവല്‍ ഓഫിസറുടെ അനുവാദമോ റിപ്പോര്‍ട്ടോ ഇല്ലാതെ ഇടതു സംഘടനക്കാരായ സര്‍ക്കാര്‍ ജീവനക്കാരാണ് തിരിമറി നടത്തിയതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇതു ഗൗരവമായി പരിശോധിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. പോലീസിലെ പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ചുള്ള തിരിമറിയെ കുറിച്ച് സംസ്ഥാന ഇന്റലിജന്റ്സ് മേധാവി അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം അതിലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: