കായംകുളം: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. കോട്ടയം കൊല്ലാട് സ്വദേശി ഷൈമോന്‍ പി. പോള്‍ (40), ഒളശ്ശ സ്വദേശി ബിജോയ് മാത്യു (35), ആലപ്പുഴ കലവൂര്‍ സ്വദേശി മനു (25), എറണാകുളം സ്വദേശി മനു ഫ്രാന്‍സിസ് (27), പത്തനംതിട്ട സ്വദേശിനി സോണി തോമസ് (24) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിവന്ന കായംകുളം ചേരാവള്ളി ആരൂടത്ത് ജങ്ഷനിലെ ഇവരുടെ സ്ഥാപനത്തില്‍ ഒന്നിന് രാവിലെ കായംകുളം സിഐ പി.കെ. സാബു, എസ്ഐ ഷാരോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് സംഘത്തെ പിടികൂടിയത്. ഇവരെ കായംകുളം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വ്യാജമായി നിര്‍മിച്ച പോലീസിന്റെ ബാഡ്ജുകള്‍, യൂണിഫോം, ലെറ്റര്‍പാഡുകള്‍, സീലുകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഇവിടെ നിന്ന് പോലീസ് കണ്ടെടുത്തു. ഓഫീസ് ഓഫ് ദ ട്രാഫിക് ട്രെയിന്‍ഡ് പോലീസ് ഫോഴ്‌സ് എന്ന ബോര്‍ഡ് സ്ഥാപനത്തിന് മുന്നില്‍ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ബോര്‍ഡില്‍ ഹെഡ് ഓഫീസ് തിരുവനന്തപുരമെന്നും ഡിവിഷന്‍ ഓഫീസ് കായംകുളം ചേരാവള്ളിയെന്നും രേഖപ്പെടുത്തിയിരുന്നു.
താമരക്കുളം സ്വദേശിയായ സഞ്ജു എന്ന യുവാവിന് കായംകുളം ട്രാഫിക് സ്‌റ്റേഷനില്‍ ഇന്‍ചാര്‍ജായി നിയമനം നല്‍കാമെന്ന് പറഞ്ഞ് സംഘം 30,000 രൂപ തട്ടിയെടുത്തു. ഇയാളും കായംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘം പിടിയിലായതോടെ തട്ടിപ്പിനിരയായ പത്തുപേര്‍ പരാതിയുമായി സമീപിച്ചതായി പോലീസ് പറഞ്ഞു. പിടിയിലായവരെ വിശദമായ അന്വേഷണത്തിന് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
















