കാസര്‍കോട്: സിപിഎമ്മിനെതിരെ വീണ്ടും കള്ളവോട്ട് ആരോപണം. പിലാത്തറയിലേതിന് പിന്നാലെ ചീമേനിയില്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കയ്യൂര്‍ ചീമേനിയില്‍ 48-ാം നമ്പര്‍ ബൂത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പലതവണ വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 120 ലധികം കള്ളവോട്ടുകള്‍ സിപിഎം ചെയ്തതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ഇതോടെ 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്ന ബൂത്തുകള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. നേരത്തെ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പിലാത്തറയിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചീമേനിയിലെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.
ചീമേനിയിലെ ബൂത്തില്‍ രാഹുല്‍ എസ്, വിനീഷ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതായി കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും വ്യത്യസ്ത സമയങ്ങളിലായി ബൂത്തിനുള്ളില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പ്രവാസികളായ പതിനാറ് പേരുടെ വോട്ടുകള്‍ ഇത്തരത്തില്‍ ഈ ബൂത്തില്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
















