കോഴിക്കോട്: വ്യാപിക്കുന്ന ജിഹാദി ഭീകരതയെ പ്രതിരോധിക്കാന്‍ സമൂഹജാഗ്രതയാണ് ഉണ്ടാവേണ്ടതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം കാ.ഭാ. സുരേന്ദ്രന്‍. ഇന്നലെ മാറാട് കടപ്പുറത്ത് നടന്ന ശ്രദ്ധാഞ്ജലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസി ടിവികളും പോലീസ് നിരീക്ഷണവും കൊണ്ട് ഭീകരതയെ തടയാനാവില്ല. ഭീകരതയെ വളംവച്ച് വളര്‍ത്തുന്ന ശക്തികളെ തിരിച്ചറിയാന്‍ ജാഗ്രതയുള്ള സമൂഹമാണ് ആവശ്യം. ശ്രീലങ്കയിലേക്കും കാശ്മീരിലേക്കും ഭീകരതയെ കയറ്റി അയയ്‌ക്കുന്ന നാടായി കേരളം മാറി. ഇന്നലെ വരെ സമൂഹത്തില്‍ പുറമെ ശാന്തരായി നടന്ന യുവാക്കള്‍ ഭീകരവാദികളാണെന്ന് തിരിച്ചറിയപ്പെടുന്നു. ഇത്തരം പ്രവണതകളെ തുടക്കത്തിലേ കണ്ടെത്താനുള്ള ജാഗ്രത വളര്‍ന്നുവരണം. സംഘടിതസമൂഹത്തിനു മാത്രമേ ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനാവൂ. ഉറ്റവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടും മാറാട്ടുനിന്നും പലായനമുണ്ടാവാതിരുന്നത് സംഘടിതമായ സമൂഹമുള്ളതുകൊണ്ട് മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ബേപ്പൂര്‍ നഗര്‍ സഹസംഘചാലക് കെ. ഉണ്ണി, മാറാട് അരയസമാജം പ്രസിഡന്റ് സി. പ്രേമന്‍ എന്നിവര്‍ പങ്കെടുത്തു. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ്ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു എന്നിവരും സന്നിഹിതരായിരുന്നു. ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ നൂറുകണക്കിന് അമ്മമാരടങ്ങുന്ന സദസ് പുഷ്പാര്‍ച്ചന ചെയ്തു.
ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച മാറാട് അനുസ്മരണ സെമിനാര്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം കാ.ഭാ. സുരേന്ദ്രന്‍ അനുസ്മരണപ്രഭാഷണം നടത്തി.
















