കോഴിക്കോട്: അന്യപുരുഷന്‍ കാണുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖാവരണം ധരിച്ചിരിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോഴിക്കോട്ട് മുശാവറ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകന്റെ കാലം മുതലുള്ള വസ്ത്രരീതിയാണിത്, അദ്ദേഹം പറഞ്ഞു. എംഇഎസ് കോളേജുകളില്‍ വിദ്യാര്‍ഥിനികള്‍ മുഖം മറച്ച് എത്തരുതെന്ന സര്‍ക്കുലറിനോട് പ്രതികരിക്കുകയായിരുന്നു മുത്തുക്കോയ തങ്ങള്‍. മതവിഷയങ്ങളില്‍ എംഇഎസ് കൈകടത്തേണ്ടതില്ല. എംഇഎസിന്റെ സ്ഥാപനങ്ങളില്‍ അവര്‍ക്കിഷ്ടമുള്ളത് നടപ്പാക്കാം. എന്നാല്‍, മുസ്ലിം വിശ്വാസികളായ കുട്ടികളോട് ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ തങ്ങളോടൊപ്പമുണ്ടാകും. സലഫിസം വരുന്നതിനു മുമ്പുള്ള വസ്ത്രമാണ് നിഖാബ്, അദ്ദേഹം പറഞ്ഞു.
എന്നാല്‍ എംഇഎസ് പ്രസിഡന്റ് ഡോ.പി.എ. ഫസല്‍ ഗഫൂറിന്റെ പല നിലപാടുകളും കടുത്ത വര്‍ഗീയമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിട്ടുമുണ്ട്. കേരളത്തിലെ മുസ്ലിം വോട്ട് ശതമാനം 26 ശതമാനത്തിലേറെ വരുമെന്നും ലീഗ്, പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, ജമാ അത്തെ ഇസ്ലാമി മുതലായ സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ കേരളത്തിലെ ഭരണം പിടിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കോഴിക്കോട്ട് നടന്ന പോപ്പുലര്‍ ഫ്രണ്ട് യോഗത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെയും ജാതി പാര്‍ട്ടികളുടെയും കൂടെ ചേര്‍ന്ന് മുസ്ലീങ്ങള്‍ക്ക് അധികാരത്തിലെത്താം. ഇത് കേരളത്തെ സംബന്ധിച്ചും ദേശീയ തലത്തിലും സുവര്‍ണാവസരമാണ്. പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍, മുസ്ലിങ്ങള്‍ക്ക് നേതൃത്വമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് മുസ്ലിം നേതൃത്വം വളര്‍ത്തിക്കൊണ്ടുവരണമെന്നുമായിരുന്നു അന്ന് ഫസല്‍ ഗഫൂറിന്റെ ഉപദേശം.
















