കൊച്ചി: പ്രവേശന പരീക്ഷ സീറ്റ് നിറയ്‌ക്കാനുള്ള നടപടിയല്ലെന്നും പ്രഫഷണല്‍ വിഷയങ്ങള്‍ തൃപ്തികരമായി പഠിക്കാന്‍ കഴിവുള്ളവരാണ് പ്രവേശനം നേടുന്നതെന്നു ഉറപ്പാക്കണമെന്നും ഹൈക്കോടതി. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ നെഗറ്റീവ് മാര്‍ക്ക് സമ്പ്രദായത്തിനെതിരെ കോതമംഗലം സ്വദേശി എബിന്‍ പയസ് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വര്‍ഷങ്ങളായി മത്സരപ്പരീക്ഷകള്‍ നടത്തിയുള്ള പരിചയവും വിദഗ്ധ ഉപദേശവുമൊക്കെ കണക്കിലെടുത്താണ് എന്‍ട്രന്‍സ് കമ്മീഷണര്‍ നെഗറ്റീവ് മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇതില്‍ കോടതി ഇടപെടുന്നില്ല. നിലവിലെ സാമൂഹ്യ, സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിശ്ചയിച്ച കുറഞ്ഞ യോഗ്യതാ മാര്‍ക്കിലും ഇടപെടുന്നില്ല. ഓരോ വിഷയത്തിനും മിനിമം വേണ്ട പത്തു മാര്‍ക്ക് പോലും നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അഭിരുചിക്കനുസരിച്ച് മറ്റു വഴി തേടുകയാണ് വേണ്ടത്. മിനിമം യോഗ്യതയായ പത്ത് മാര്‍ക്ക് നേടിയ കുട്ടികള്‍ പിന്നീട് സിലബസിനനുസരിച്ച് പഠിക്കാനാവാതെ വരുന്നതോടെ പഠനം പാതിവഴിയിലുപേക്ഷിക്കുന്നു. രക്ഷിതാക്കളുടെ ഇഷ്ടപ്രകാരം പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ കുട്ടികള്‍ ഭ്രാന്തുപിടിച്ചോടുന്ന പ്രവണത കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
















