പാലക്കാട് : തത്തമംഗലത്ത് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാവ്. സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനിലിനെയാണ് സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്.
മീനാക്ഷിപുരത്തുളള തെങ്ങിന്‍തോപ്പുകളിലേക്കാണ് അത്തിമണി അനില്‍ എന്നറിയപ്പെടുന്ന ഇയാള്‍ സ്പിരിറ്റെത്തിക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. വ്യാജ കള്ള് നിര്‍മാണത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ മണിയില്‍ നിന്നാണ് അനിലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.
അനിലിന് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ അതിര്‍ത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. മാസങ്ങളായി എക്‌സൈസ് ഇന്റലിജന്‍സ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. എക്‌സൈസ് സംഘം അനിലിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.
സംഭവം വിവാദമായതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അനിലിനെ പുറത്താക്കി തലയൂരാന്‍ അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം പെരുമാട്ടി, പട്ടഞ്ചേരി പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന ജനതാദള്‍ – സിപിഎം സംഘര്‍ഷത്തിലും അനിലിന് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും എക്‌സൈസ് ഉദ്യോഗസ്ഥരെ ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.
















