തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിട്ടിയ പൊന്നാടകളും മേൽമുണ്ടുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ‘പുനര്‍നവ’ യുടെ പ്രവര്‍ത്തനം മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് മൂന്ന് ഘട്ടങ്ങളിലായി നടന്ന സ്വീകരണ പരിപാടിക്കിടെ കുമ്മനം രാജശേഖരന് കിട്ടിയത്. മേൽമുണ്ടുകൾ സഞ്ചികളായും തലയിണ ഉറകളായും രൂപാന്തരപ്പെടുത്തും. തോർത്തുകൾ തൊപ്പിയായും തൂവാലയായും മാറും. പൊന്നാടകളും നേര്യതും കുട്ടികളുടെ വസ്ത്രങ്ങളായും മാറ്റും. രണ്ടാഴ്ചക്കുള്ളില്‍ ഇതിന്റെ പണികള്‍ പൂര്‍ത്തിയാകും. പ്രചരണ ബോർഡുകൾ നടീൽ സഞ്ചികളായും ഫയലുകളായും മാറ്റും. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്റെ താത്കാലിക വസതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.
തയ്യല്‍തൊഴിലാളി മസ്ദൂര്‍ സംഘത്തിലെ പ്രവര്‍ത്തകരും കുടുംബശ്രീയിലെ പ്രവര്‍ത്തകരുമാണ് നിര്‍മ്മാണത്തിന് പിന്നില്‍. വിവിധ സന്നദ്ധ സംഘടനകള്‍ ഇതിനോടകംതന്നെ ബാഗുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു. ബിജെപി ചാല ഏര്യാ ജനറല്‍ സെക്രട്ടറി നടരാജ് കണ്ണനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്.
വേസ്റ്റില്‍ നിന്ന് എങ്ങനെ വെല്‍ത്ത് ഉണ്ടാക്കാം എന്നിതിന്റെ മാത്യകയാണ് പുനര്‍നവയെന്നും രാജ്യം മുഴുവന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കട്ടെയെന്നും മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏത് സാധനങ്ങളും വലിച്ചെറിയാനുള്ളതല്ല. ഉപയോഗിച്ചതിന് ശേഷം വീണ്ടും പ്രയോജനപ്പെടുത്തുന്നതായിരിക്കണം നമ്മുടെ സംസ്‌കാരമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
















