കോഴിക്കോട് : മലപ്പുറം തീരദേശത്തിന് സമീപം ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തു. താനൂരിലെ ചീരാന്‍ കടപ്പുറം റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കെഎല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്.
രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വാഹനവും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കാര്‍ പല ദിവസങ്ങളിലും തീരദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടതായും സംശയിക്കുന്നുണ്ട്. നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചതിന്റൈ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
















