കൊച്ചി: കാന്‍സറിനെ മനക്കരുത്ത് കൊണ്ട് നേരിട്ട പത്തനംതിട്ട സ്വദേശിനി അരുണിമ രാജന്‍. വെറും രണ്ടുമാസം കൂടിയെ ജീവിക്കൂ എന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി അരുണിമ വൈദ്യശാസ്ത്രത്തെയും അമ്പരപ്പിച്ച് കൊണ്ട് എട്ടുമാസം കൂടി ജീവിച്ച് മരണത്തിലേക്ക് മറഞ്ഞു.
കഴിഞ്ഞ ജൂണിലായിരുന്നു അരുണിമയ്‌ക്ക് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനി വിട്ടുപോകാതെ നിന്നു. ഛര്‍ദിയും തുടങ്ങി. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കാന്‍ ചെയ്തപ്പോള്‍ കുടലില്‍ ചെറിയ അണുബാധയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷെ വയറിനു പുറത്ത് ഡോക്ടര്‍മാര്‍ കൈതൊട്ടതോടെ വേദന തോന്നി.
കൂടുതല്‍ പരിശോധനയ്‌ക്കായി തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ്സുഖമില്ലെന്നായിരുന്നു കണ്ടെത്തല്‍. പനി കുറഞ്ഞെങ്കിലും ഒന്നു കൂടി പരിശോധിപ്പിച്ചേക്കാം എന്നു കരുതിയാണ് എറണാകുളം അമൃത ആശുപത്രിയില്‍ എത്തുന്നത്. കുടലില്‍ അണുബാധയുള്ളതായും പഴുപ്പ് ബാധിച്ചതായും കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചു.
രോഗം തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ജീവിതത്തെ മുമ്പത്തേതിലും സുന്ദരമായി തിരിച്ചുപിടിക്കാന്‍ അരുണിമ തുടങ്ങി. പിന്നീടങ്ങോട്ട് ചിത്രരചനയിലൂടെയാണ് അരുണിമ കീമോയുടെ വേദനയെയും ദുരിതത്തെയും തോല്‍പിച്ചത്. കാന്‍സര്‍ എന്റെ ജീവിതത്തില്‍ നന്മകള്‍ മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ, പിന്നെ ഞാനെന്തിന് സങ്കടപ്പെടണം. അരുണിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കീമോ മരുന്ന് ശരീരത്തില്‍ കയറി കഴിഞ്ഞപ്പോള്‍ ഉണ്ടായ കല എന്നാണ് അരുണിമയുടെ ചിത്ര രചനയെപ്പറ്റി പറഞ്ഞിരുന്നത്. ചികിത്സ കാലഘട്ടത്തിലും സ്വന്തമായി വാങ്ങിയ കാറില്‍ ഒറ്റയ്‌ക്കായിരുന്നു അരുണിമയുടെ യാത്രകള്‍. കാന്‍സറിനെ ധൈര്യപൂര്‍വ്വം നേരിട്ട അരുണിമ എല്ലാവെല്ലുവിളികളും അതിജീവിച്ചാണ് മുന്നേറിയത്.
















