കൊച്ചി: പഞ്ചാബിലെ ലുധിയാനയില്‍ ബിഷപ് ഫ്രാങ്കോയുടെ സഹായിയില്‍ നിന്ന് റെയിഡ് നടത്തി പിടിച്ചെടുത്ത തുകയില്‍ നിന്ന് കോടിക്കണക്കിനു രൂപയുമായി ഒളിവില്‍ പോയ പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാര്‍ കൊച്ചി സിറ്റി പോലിസിന്റെ പിടിയില്‍. പാട്യാല സ്വദേശികളായ ജോഗീന്ദര്‍ സിങ്, രാജ് പ്രീത് സിംഗ് എന്നിവരെയാണ് ഫോര്‍ട്ട്കൊച്ചിയിലെ ഹോം സ്റ്റേയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത പണം മുഴുവന്‍ രേഖപ്പെടുത്താതെയാണ് കോടിക്കണക്കിനു രൂപയുമായി ഇവര്‍ മുങ്ങിയത്.
അസ്വാഭാവിക സാഹചര്യത്തില്‍ വ്യജരേഖകളും വ്യാജവിലാസവും നല്കി രണ്ടു പേര് ഹോട്ടലില്‍ താമസിക്കുന്നതായി സിറ്റി പോലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷണര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പണാപഹരണ കേസില്‍ പഞ്ചാബില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട് ഒളിവില്‍ പോയ രണ്ടു പോലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരുടെ ലഗേജും കൈയിലുണ്ടായിരുന്ന മറ്റു സാധനങ്ങളെല്ലാം കസ്റ്റഡിയിലെടുത്തു.
ഇവരെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് പോലീസിനെ അറിയിച്ചതായും കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയില്‍ അറസ്റ്റിലായ രണ്ട് എഎസ്ഐമാരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പഞ്ചാബ് എസ്ഐടി തലവന്‍ പ്രവീണ്‍ കെ. സിന്‍ഹ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു.
















