കൊല്ലങ്കോട്: ഐഎസ് കേസില്‍ എന്‍ഐഎ അറസ്റ്റു ചെയ്ത മുതലമട ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ നാട്ടുകാര്‍ക്ക് അത്ര പരിചിതനല്ല. പ്രദേശത്തുള്ളവരുമായി അധികം കൂട്ടുകൂടാത്ത റിയാസ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും മറ്റും ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. റിയാസ് പത്താംക്ലാസ് വരെ മുതലമട ഗവണ്മെന്റ് ഹൈസ്കൂളിലാണ് പഠിച്ചത്. ബിരുദത്തിന് ശേഷം കോയമ്പത്തൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിവിധ ജോലികള്‍ ചെയ്തു. കഞ്ചിക്കോട് പാറയിലെ സ്വകാര്യകമ്പനിയിലും കുറച്ചുനാള്‍ ജോലി ചെയ്തു. തുണിക്കടയില്‍ സെയില്‍സ്മാനായും, സ്വര്‍ണക്കടകളിലും ജോലി ചെയ്തു. ഇതിനിടെയാണ് അത്തര്‍ വില്പ്പനക്കാരനാവുന്നത്. ചന്തകളിലും ഉത്സവപറമ്പുകളിലും അത്തര്‍ വിറ്റു നടന്നു. അത്തര്വില്പ്പനക്കാരുമായി ബന്ധപ്പെട്ടാണ് റിയാസ് തീവ്രവാദത്തിലേക്ക് എത്തിയതെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇടയ്ക്കുമാത്രം നാട്ടിലെത്താറുള്ള റിയാസ് അത്തര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് പള്ളികളിലും താമസിക്കാറുണ്ട്.
തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രഭാഷണങ്ങള്‍ നോട്ടീസുകള്‍ എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും പറയുന്നു. ഇതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിലുള്ള പള്ളികളില്‍ താമസിച്ച് തീവ്രവാദ ആശയങ്ങള്‍ പള്ളികളില്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് കൊല്ലങ്കോട് കാമ്പ്രത്ത് ചള്ളയിലും പരിസരത്തെ പള്ളികളിലും സമാനരീതിയിലുള്ള പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പള്ളി കമ്മിറ്റി ഭാരവാഹികളുമായി തര്‍ക്കമുണ്ടായി. എന്നാല്‍ റിയാസിന് തീവ്രവാദബന്ധമുണ്ടോ എന്നറിയില്ലെന്നാണ് വീട്ടുകാരുടെ പ്രതികരണം.
















