തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ അനധികൃത നിയമനശ്രമം വിവാദത്തിലേക്ക്. വര്‍ഷങ്ങളായി മാറിമാറി വന്ന ഭരണ സമിതികള്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ ഭാവിയും പ്രതിസന്ധിയിലായി. ഏതാണ്ട് മുന്നൂറോളം താല്‍ക്കാലിക ജീവനക്കാരാണ് സ്ഥിര നിയമനം കാത്ത് കഴിയുന്നത്. ഇവരെ സ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ട് സ്ഥിരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്.
എന്നാല്‍ അനധികൃത നിയമനം നേടിയ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് കോടതി ഉത്തരവ് തടസ്സമായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിയമനം വൈകുന്നതോടെ ജീവനക്കാരുടെ ക്ഷാമം ദേവസ്വം പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുകയാണ്. ഇനി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് വിജ്ഞാപനം നടത്തി എഴുത്തുപരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമനം നടക്കുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിയും.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ് പറഞ്ഞു.
















