തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് സംബന്ധിച്ച അനിശ്ചിതത്വം ഒഴിയുന്നില്ല. അനുമതിക്കായി ഇന്നലെ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു ദേവസ്വങ്ങളുടെ തീരുമാനം.
എന്നാല്‍ നാഗ്പൂരില്‍ നിന്നുള്ള ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ തീരുമാനം അറിയാത്തതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാനായില്ല. തിങ്കളാഴ്ചയാണ് പൂരക്കമ്മിറ്റി ഭാരവാഹികള്‍ കണ്‍ട്രോളര്‍ക്ക് നിവേദനം നല്‍കിയത്.
വെടിക്കെട്ടിന് ഓലപ്പടക്കം ഉപയോഗിക്കാനാവില്ല എന്ന തീരുമാനമാണ് വെടിക്കെട്ട് അനിശ്ചിതത്വത്തിലാക്കുന്നത്. നേരത്തെ മന്ത്രിതല ചര്‍ച്ചയില്‍ ഇതുപയോഗിക്കാന്‍ ധാരണയായെങ്കിലും പിന്നീട് ജില്ലാ ഭരണകൂടവും എക്‌സ്‌പ്ലോസീവ് വിഭാഗവും എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു. നാഗ്പൂരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പൂരക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്. ഓലപ്പടക്കത്തിന്റെ കാര്യം ആ ഉത്തരവില്‍ പ്രത്യേകം പറഞ്ഞിരുന്നില്ല. മെയ് 13നാണ് തൃശൂര്‍ പൂരം.
















