കോട്ടയം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ നിന്ന് കൂടുതല്‍ ആളുകളെ ഒഴിവാക്കുന്നു. ഇതിന്റെ ഭാഗമായി വിധവാ പെന്ഷന് വാങ്ങുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും. നിലവില്‍ 13 ലക്ഷം പേരാണ് വിധവാ പെന്ഷന് വാങ്ങുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമപരമായി വിവാഹമോചനം നേടിയവരെ സാമൂഹ്യ സുരക്ഷാ പെന്ഷന് പട്ടികയില്‍ നിന്ന് നീക്കും.
ഭര്‍ത്താവ് മരിക്കുകയോ ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ സ്ത്രീകള്‍ക്ക് മാത്രമേ പെന്ഷന് അര്‍ഹതയുണ്ടാകു. ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തില്‍ റവന്യൂ അധികാരികള്‍ നല്കുന്ന വിധവാ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പെന്ഷന് അനുവദിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ മുഖാന്തിരം നടത്തിയ പരിശോധനയില്‍ വിധവാപെന്ഷന് പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
നിയമപരമായി വിവാഹമോചനം നേടിയവരെ മാത്രമല്ല ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്ന വ്യക്തികള്‍ക്കും വിധവാപെന്ഷന് ലഭിക്കുന്നുണ്ടെന്ന് തെളിഞ്ഞിരുന്നു. പഞ്ചായത്തുകളിലെ ഭരണസ്വാധീനം ഉപയോഗിച്ചാണ് ഇത്തരക്കാര്‍ക്ക് പെന്ഷന് അനുവദിച്ചത്.
ഇനി മുതല്‍ വിധവാപെന്ഷന് അനുവദിക്കുമ്പോള്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, തീയതി, സര്‍ട്ടിഫിക്കറ്റ് നല്കിയ തദ്ദേശ സ്ഥാപനം എന്നിവരുടെ വിവരങ്ങളും നല്‍കണം. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പെന്ഷന് അനുവദിച്ചാല്‍ പഞ്ചായത്തുകളായിരിക്കും ഉത്തരവാദിയെന്ന് ധനകാര്യ വിഭാഗം ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: