തിരുവനന്തപുരം: ദേശീയ ഏജന്‍സിയായ എന്‍ഐഎ അറസ്റ്റ് ചെയ്ത നിരോധിത സംഘടന സിമിയുടെ പ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് സ്വീകരണം. കൊച്ചി-പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ചവരെ ഹൈക്കോടതി വെറുതെവിട്ടിരുന്നു.
എന്‍സിഎച്ച്ആര്‍ഒ, മൈനോരിറ്റി റൈറ്റ് വാച്ച്, പൗരാവകാശ സംരക്ഷമ സമിതി, മാവോയിസ്റ്റ് അനുകൂല ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്നിവ ചേര്‍ന്ന് പ്രസ് ക്ലബ് ഹാളിലാണ് ഇന്ന് വൈകുന്നേരം ജനകീയ സ്വീകരണം നല്‍കുന്നത്. മെയ് രണ്ടിന് കൊച്ചി കെഎസ്ഇബി ഹാളിലും സ്വീകരണം നല്‍കുന്നുണ്ട്. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്.
2006 ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തിൽ രഹസ്യക്യാമ്പ് നടന്നതെന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍. സിമി ക്യാമ്പ് നടത്തിയെന്ന കുറ്റം ചുമത്തിയാണ് പ്രതികളെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നത്. റാസിഖ്, ശാദുല്‍ എന്നിവര്‍ക്ക് 14 വര്‍ഷവും മറ്റുള്ളവര്ക്ക് 12 വര്‍ഷവും എന്‍ഐഎ കോടതി തടവ് വിധിച്ചു. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്, ഷംനാസ് എന്നിവര്‍ക്കെതിരെ യുഎപിഎ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു.
മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഈ വിധിയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.
















