തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ക്രമക്കേടിനെക്കുറിച്ച് ഇന്റലിജൻസ് മേധാവി അന്വേഷിക്കും. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റൽ വോട്ടുകളിൽ ഇടപെടരുതെന്ന് കർശന നിർദേശം ഉണ്ടെന്നും ഡിജിപി അറിയിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുകൾ കുട്ടത്തോടെ അസോസിയേഷൻ നേതാക്കൾ ശേഖരിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നേതാക്കളുടെ വിലാസത്തിലേക്കാണ് ബാലറ്റുകൾ കൂട്ടത്തോടെ എത്തിയത്. പോലീസുകാരുടെ വോട്ടുകൾ അസോസിയേഷൻ നേതാക്കൾ ചെയ്തുവെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു.
58,000 ഓളം പോലീസുകാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. പോസ്റ്റൽ വോട്ടുകൾ അസോസിയേഷൻ നേതാക്കൾക്ക് മുൻകൂട്ടി നൽകണമെന്നാണ് ശബ്ദരേഖയിൽ ആവശ്യപ്പെട്ടിരുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസുകാരുടെ പോസ്റ്റൽ വോട്ട് ശേഖരിച്ച ശേഷം അവയിൽ തിരിമറി നടത്തി പെട്ടിയിൽ നിക്ഷേപിക്കുകയാണ് ചെയ്തതെന്നാണ് സൂചന.
















