ഇടുക്കി: കിഴക്ക് ഭാഗത്ത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് മൂലം കേരളത്തിൽ (പ്രചരിക്കുന്ന പോലെ ) അതി ശക്തമായ മഴയോ വലിയ പ്രകൃതിക്ഷോഭമോ ഉണ്ടാകില്ലെന്ന് നിഗമനം. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
നിലവിലെ ഇടവിട്ട വേനൽ മഴയ്‌ക്ക് കാരണം ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കിഴക്കൻ കാറ്റാണ്. എന്നാൽ ഫോനി അതിതീവ്രമായതിനാൽ പടിഞ്ഞാറൻ കാറ്റിനെ ഇത് വലിച്ചെടുത്ത് ( സ്പൈറൽ ബാന്റ് ആകൃതി) സജീവമാക്കും. ഈ തരത്തിൽ അറബിക്കടലിൽ നിന്ന് വരുന്ന ഈർപ്പമുള്ള കാറ്റ് പശ്ചിമഘട്ടത്തിൽ തട്ടി ഘനീഭവിച്ച് മഴയായി പെയ്തിറങ്ങും. ഇതാണ് പുൾ എഫക്ട്. ഈ സമയം കിഴക്കൻ കാറ്റ് ഉണ്ടാകില്ല.
സംസ്ഥാനമൊട്ടാകെ മിതമായ മഴ ലഭിക്കുമ്പോൾ പശ്ചിമഘട്ട മേഖലയിൽ മഴ കൂടും. ഇന്ന് കോട്ടയം ഒഴികെ മധ്യ – വടക്കൻ കേരളത്തിലും ബുധനാഴ്ച വൈകിട്ട് കോട്ടയത്തും തെക്കൻ കേരളത്തിലുമാണ് മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട ചിലയിടങ്ങളിൽ 5 സെ.മീ. മുകളിൽ മഴ കിട്ടും. പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റിന് (55 കി.മി. വരെ) സമാനമായ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി തൊടുപുഴയിൽ കനത്ത മഴയാണ് വൈകുന്നേരങ്ങളിൽ പെയ്തിറങ്ങുന്നത്.
















