ആലപ്പുഴ: സംസ്ഥാനത്തെ വിപണിയില്‍ വീണ്ടും മായം കലര്‍ത്തിയ മത്സ്യം ഇടംപിടിക്കുന്നു. കേരളത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് മായം കലര്‍ന്ന മത്സ്യം വീണ്ടും എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമോണിയം കലര്‍ന്ന മത്സ്യം കണ്ടെത്തിയിരുന്നു. കോഴിക്കോടും പത്തനംതിട്ടയിലും ഇത്തരത്തിലുള്ള മത്സ്യം വീണ്ടും വില്‍പ്പനയ്‌ക്ക് എത്തി.
കോഴിക്കോട് ജില്ലയില്‍ മത്സ്യത്തില്‍ മായം കലര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പും കോര്‍പ്പറേഷനും ചേര്‍ന്ന് പരിശോധന നടത്തി. കോഴിക്കോട് പുതിയാപ്പ, പാളയം എന്നിവിടങ്ങളിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു. വിദഗ്ധ പരിശോധനയ്‌ക്കായി ശേഖരിച്ച സാമ്പിളുകള്‍ റീജണല്‍ ലബോറട്ടറിയിലേക്ക് അയച്ചു. തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ 28,000 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സാഗര്‍റാണി വീണ്ടും തുടങ്ങാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നു. അമോണിയ ഫോര്‍മാലിന്‍ മരുന്നു തളിച്ചു കഴിഞ്ഞാല്‍ മത്സ്യം ഒരാഴ്ചവരെ കേടുകൂടാതെ സൂക്ഷിക്കാനാകും. വലിയഇനം മത്സ്യങ്ങളിലാണ് കൂടുതലായും മരുന്ന് ഉപയോഗിക്കുന്നത്. മുറിച്ചു വില്‍ക്കുന്ന വലിയ മത്സ്യങ്ങളില്‍ ശേഷിക്കുന്ന കഷണങ്ങളില്‍ മരുന്ന് തളിച്ച ശേഷം ഫ്രീസറില്‍ സൂക്ഷിക്കുകയാണ്. വിഷു, ഈസ്റ്റര്‍ സമയങ്ങളില്‍ മത്സ്യം ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചില ഉപഭോക്താക്കള്‍ സംശയം പ്രകടിപ്പിച്ചത്.
മത്തി, കിളിമീന്‍, ചൂര, നെയ്‌മീന്‍ എന്നീ ഇനങ്ങളിലാണ് കൂടുതലായും മരുന്നു തളിക്കുന്നത്. ഈ മത്സ്യങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. ഫ്രഷ് എന്ന പേരില്‍ വില്‍ക്കുന്ന മത്സ്യത്തിലെ വിഷാംശം വാങ്ങുന്നവരും തിരിച്ചറിയാതെ പോകുകയാണ്. മരുന്നടിച്ച മത്സ്യം കണ്ടാല്‍ ഫ്രഷ് എന്നു തോന്നുമെങ്കിലും കഴുകുമ്പോള്‍ മാംസം തന്നെ അടര്‍ന്ന് വീഴുമെന്നും മുറിക്കുമ്പോള്‍ ഉള്ളില്‍ നീലനിറം കാണാനാകുമെന്നും വിദഗ്ധര്‍ പറയുന്നു.
















