മലപ്പുറം: പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി. അന്‍വറിനെതിരെ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി. പൊന്നാനിയില്‍ സിപിഐ നേതാക്കള്‍ തന്നെ ദ്രോഹിച്ചെന്നും മുസ്ലിം ലീഗിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കഴിഞ്ഞദിവസം അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സിപിഐ മറുപടിയുമായി രംഗത്തെത്തിയത്.
സിപിഐ മന്ത്രിമാര്‍ എല്‍ഡിഎഫിന്റെ നിലപാട് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരില്‍ നിന്ന് അനര്‍ഹമായ ആനുകൂല്യം ലഭിക്കുമെന്ന മോഹം അന്‍വറിന് വേണ്ടെന്നും ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. അന്‍വറിന്റെ തുടരെയുള്ള പ്രസ്താവനകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടാക്കി. 2011ലെയും 2014ലെയും തെരഞ്ഞെടുപ്പുകളെക്കുറിച്ച് മാത്രം ഓര്‍ക്കുന്ന അന്‍വര്‍ 2016 മറക്കരുത്. സിപിഐ ഉള്‍പ്പെടുന്ന എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം നിലമ്പൂരില്‍ നിന്ന് ജയിച്ചതെന്ന് ഓര്‍ക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
വിവാദവ്യവസായിയും നിരവധി ഭൂമി കൈയേറ്റക്കേസുകളില്‍ പ്രതിയുമായ അന്‍വര്‍ സിപിഐയെ ലക്ഷ്യം വയ്‌ക്കുന്നത് സിപിഎമ്മിന്റെ ഒത്താശയോടെയാണെന്ന ആരോപണം ശക്തമാണ്. സിപിഎം നിര്‍ദേശിച്ചിട്ടും റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐ അന്‍വറിനെ സഹായിക്കാന്‍ തയാറായിരുന്നില്ല. ഇതാണ് സിപിഐക്കെതിരെ നിരന്തരം ആരോപണങ്ങളുമായി അന്‍വര്‍ രംഗത്തുവരാന്‍ കാരണമെന്നാണ് സൂചന.
















