ഏകാന്തയോഗികളിലാകാംക്ഷ കൊണ്ടു പര-
മേകാന്തമെന്നവഴി പോകുന്നതെന്‍മനവും
കാകന്‍ പറന്നു പുനന്നങ്ങള്‍ പോയവഴി
പോകുന്നപോലെ ഹരിനാരായണായനമഃ
എപ്പോഴും സത്യത്തെ മാത്രം പിന്തുടരുന്ന ഏകാന്ത യോഗികളുടെ മാര്‍ഗം സ്വീകരിച്ച് സഞ്ചരിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ സത്യദര്‍ശനത്തിന്റേതായ വഴി കണ്ടെത്താനും അതിലൂടെ സദാ സഞ്ചരിക്കാനുമുള്ള അനുഗ്രഹം തരണേ എന്ന് പ്രാര്‍ഥിക്കുന്നു. ഭഗവല്‍പാദാരവിന്ദങ്ങളെ സേവിച്ചു കൊണ്ട് സച്ചിദാനന്ദ സമുദ്രത്തില്‍ നീന്തിക്കുളിക്കാന്‍ എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് സാധിക്കയില്ലല്ലോ.
സനകാദി മഹായോഗിമാരുടെ വഴിയേ സഞ്ചരിക്കാന്‍ മോഹിക്കുന്നത് അരയന്നങ്ങള്‍ പറന്നുപോയ വഴിയേ പറന്ന് കാക്ക സമുദ്രം കടക്കാന്‍ ശ്രമിക്കുന്നതു പോലെയാണ്. അതിനാല്‍ ശരിയായ വഴി എനിക്ക് കാണിച്ചു തന്നാലും ഭഗവാനേ.
















