ന്യൂദല്‍ഹി: ആകാശവാണി മുന്‍ വാര്‍ത്താഅവതാരകന്‍ എന്‍.ഗോപന്‍ നായര്‍ (77) അന്തരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും നേരത്തെ ചികിത്സ തേടിയിരുന്നു. എന്നാല്‍, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തെക്കന്‍ ദല്‍ഹി കല്‍ക്കാജിയിലായിരുന്നു താമസം. ഭാര്യ: രാധ. ഏകമകന്‍: പ്രമോദ് (ഡല്‍ഹിയില്‍ ഐ.ടി എന്‍ജിനിയര്‍).
ആറു പതിറ്റാണ്ടായി ദല്‍ഹിയിലുള്ള അദ്ദേഹം ആകാശവാണി വാര്‍ത്താവിഭാഗം മേധാവിയായിട്ടാണ് വിരമിച്ചത്. അതിനു ശേഷം കേന്ദ്രസര്‍ക്കാരിന്റെയും മറ്റും വിവിധ പരസ്യങ്ങള്‍ക്കും പരിപാടികള്‍ക്കും ശബ്ദം നല്‍കി വരികയായിരുന്നു.
പുകയില ബോധവല്‍ക്കരണത്തിനായുള്ള പരസ്യത്തില്‍ ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്, ഈ നഗരത്തിന് ഇതെന്തു പറ്റി, ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന സംഭാഷണങ്ങള്‍ കേരളമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ഡല്‍ഹിയിലെ വിവിധ മലയാളി കൂട്ടായ്‌മകളിലും പരിപാടികളിലും അവതാരകനായി സജീവമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
















