കൊളംബോ : വിശ്വാസികളായി നടിച്ച് പെൺ ചാവേറുകൾ ബുദ്ധവിഹാരങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ബുദ്ധവിഹാരങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സ്ത്രീകള്‍ ധരിക്കുന്നത് പ്രത്യേക തരത്തിലുള്ള ഒരു വെളുത്ത വസ്ത്രമാണ്. ഗിരിയുള്ളയിലെ ഒരു തുണിക്കടയില്‍ നിന്നും ചില മുസ്‌ലിം യുവതികള്‍ ഇത്തരത്തിലുള്ള 9 ജോഡി വെള്ളവസ്ത്രങ്ങള്‍ വാങ്ങിയെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
29,000 ശ്രീലങ്കന്‍ രൂപ ( ഏകദേശം 10,000 ഇന്ത്യന്‍ രൂപ) ചെലവിട്ടാണ് യുവതികൾ വസ്ത്രങ്ങൾ വാങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയിലെസൈന്താമരുതുവില്‍ പോലീസ് നടത്തിയ റെയ്‌ഡിനിടയില്‍ ഇതില്‍ അഞ്ചു ജോഡി വസ്ത്രങ്ങള്‍ കിട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ് മൊത്തം 9 ജോഡി വസ്ത്രങ്ങളാണ് അവര്‍ വാങ്ങിയതെന്നുള്ള വിവരം കിട്ടുന്നത്. ബാക്കിയുള്ള 4 ജോഡി വസ്ത്രങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല.
ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന് പിന്നാലെ നാഷണല്‍ തൗഹീദ് ജമായത്തിനെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധിക്കുകയും, മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദ മതപരമായ വസ്ത്രധാരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
















