തിരുവനന്തപുരം: അന്ധമായ ബിജെപി വിരോധം മൂലം സിപിഎമ്മും സിപിഐയും ലിക്വിഡേഷന്റെ വക്കിൽ എത്തിനിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. കോൺഗ്രസുമായി ചേർന്നതാണ് അവരുടെ തകർച്ചയ്‌ക്ക് കാരണം.
ബിജെപി നേതാവായിരുന്ന മുൻ പ്രധാനമന്ത്രി എ.ബി വാജ്‌പേയി നിയമത്തിൽ വരുത്തിയ മാറ്റം കൊണ്ടാണ് സിപിഎം ദേശീയ പാർട്ടിയായി നിലനിൽക്കുന്നത്. ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎം ദേശിയ പാർട്ടിയായി തുടരുമെന്ന് അവർക്കു പോലും വിലയിരുത്താനാവുന്നില്ല. 2004ൽ 41 സീറ്റുകൾ ഉണ്ടായിരുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
2009ൽ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടപ്പെടുമെന്ന സാഹചര്യം വന്നപ്പോൾ ഹർകിഷൻ സിങ് സുർജിത് ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ വാജ്‌പേയിയെ കാണുകയായിരുന്നു. അന്ന് വാജ്‌പേയി സിപിഎം നേതാക്കളെ പുറംകാലു കൊണ്ട് തട്ടുകയല്ല ചെയ്തത്.
ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ നാല് സംസ്ഥാനങ്ങളിൽ നിന്നായി ആറു ശതമാനം വോട്ടുകൾ കിട്ടണം. എന്നാൽ 2009ൽ സിപിഎമ്മിന് ഈ വോട്ടുകൾ ലഭിച്ചിരുന്നില്ല. തുടർന്ന് വാജ്‌പേയി സർക്കാർ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും രണ്ടു ശതമാനം വോട്ടുകൾ നേടിയാൽ ദേശീയ പാർട്ടിയായി പരിഗണിക്കപെടുമെന്ന നിയമഭേദഗതി കൊണ്ടുവരികയായിരുന്നുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9 സീറ്റാണ് സിപിഎമ്മിന് കിട്ടിയത്. രണ്ട് സ്വതന്ത്രരെക്കുടി ഒപ്പം കൂട്ടിയാണ് ഇവരിപ്പോൾ ദേശീയ പാർട്ടിയായി നിൽക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
















