ജക്കാര്‍ത്ത: ഒറ്റഘട്ടമായി ചെലവു കുറച്ച് തെരഞ്ഞെടുപ്പു നടത്താന്‍ ഇന്തോനേഷ്യ തീരുമാനിച്ചപ്പോള്‍ മരിച്ചു വീണത് 270 സര്‍ക്കാര്‍ ജീവനക്കാര്‍. ഇന്തോനേഷ്യയിലെ തെരഞ്ഞെടുപ്പു ജോലിക്കിടെ ബാലറ്റ് പേപ്പര്‍ എണ്ണുന്നത് ഉള്‍പ്പെടെയുള്ള അമിതജോലിഭാരത്തിന്റെ ആഘാതത്തില്‍ 270 സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.
പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഈ മാസം പതിനേഴിന് 26 കോടി ജനങ്ങളാണ് ഇന്തോനേഷ്യയില്‍ വോട്ടു ചെയ്തത്. രണ്ടോ മൂന്നോ ഘട്ടമായി തെരഞ്ഞെടുപ്പു നടത്താമെന്ന് നിര്‍ദേശമുണ്ടായെങ്കിലും ചെലവു കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഒറ്റ ദിവസം വോട്ടിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എണ്‍പതിനായിരം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. അഞ്ചു ബാലറ്റ് പേപ്പറുകളാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയത്. എണ്‍പതു ശതമാനം പോളിങ് രേഖപ്പെടുത്തിയ വോട്ടെടുപ്പു പ്രക്രിയ എട്ടു മണിക്കൂറില്‍ പൂര്‍ത്തിയാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ജീവനക്കാരെ ഏല്‍പ്പിച്ചത്.
സമാധാനപരമായി, മികച്ച രീതിയില്‍ പോളിങ് പൂര്‍ത്തിയാക്കിയെങ്കിലും കഠിനമായ ജോലിഭാരത്തിന്റെ ആഘാതത്തില്‍ 270 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു.
കുഴഞ്ഞുവീണതടക്കമുള്ള അസുഖങ്ങള്‍ ബാധിച്ച് രണ്ടായിരത്തോളം ജീവനക്കാര്‍ ചികിത്സയിലാണ്. ഇനിയും മരണം റിപ്പോര്‍ട്ടു ചെയ്യുമോ എന്ന ആശങ്കയിലാണ് ആരോഗ്യമന്ത്രാലയം.
ഇത്രയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണം തെരഞ്ഞെടുപ്പു കമ്മീഷനെ പ്രതിക്കൂട്ടിലാക്കി, മാധ്യമങ്ങളും സന്നദ്ധസംഘടനകളും കടുത്ത വിമര്‍ശനമാണ് തെരഞ്ഞെടുപ്പു നടത്തിപ്പിനെക്കുറിച്ച് ഉന്നയിക്കുന്നത്.
















