ആലപ്പുഴ: ‘പലവട്ടം താന്‍ പാര്‍ട്ടിക്ക് വേണ്ടി കള്ളവോട്ട് ചെയ്തിട്ടുണ്ട്, വിരലിലെ മഷി മായ്ക്കാനുള്ള ലായിനിയുടെ വിളിപ്പേര് ജനാധിപത്യം എന്നായിരുന്നു…’ വര്‍ഷങ്ങളായി തെരഞ്ഞെടുപ്പില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്നത് തുറന്നു കാട്ടി മുന്‍ ദേശാഭിമാനി ലേഖകനും, ജനശക്തി എഡിറ്ററുമായ ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനാധിപത്യ ബോധമല്ല, പാര്‍ട്ടി ജയിക്കണമെന്ന നിലപാട് മാത്രമാണ് തന്നെ നയിച്ചതെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
”ആരെങ്കിലും കള്ള വോട്ട് ചെയ്ത ദൃശ്യം കണ്ടാല്‍ അതിനെ എതിര്‍ക്കാന്‍ ധാര്‍മികമായി എനിക്ക് അവകാശമില്ല. എന്തെന്നാല്‍ ഞാന്‍ പലവട്ടം കള്ളവോട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും ഒരേ ദിവസം വോട്ട് ചെയ്തിട്ടുള്ളവര്‍ എന്നെപ്പോലെ അധികമാരും ഉണ്ടാകില്ല. എറണാകുളത്ത് അക്കാലത്തു പി.സി. ചാക്കോ ആയിരുന്നു ഇടതു സ്ഥാനാര്‍ത്ഥി. അന്നൊന്നും ജനാധിപത്യ ബോധമല്ല എന്നെ നയിച്ചത്. പാര്‍ട്ടിക്ക് ജയം ഉണ്ടാകണം. മഷിമായ്ക്കാനുള്ള രാസലായിനിയുടെ രഹസ്യ കലവറ തന്നെ ഒരിക്കല്‍ എന്റെ കസ്റ്റഡിയിലായിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കുന്ന മഷിയുടെ ഫോര്‍മുല കണ്ടെത്തി അത് തൂത്തുകളയുക അത്ര എളുപ്പമല്ല. വിദഗ്ധരായ കെമിസ്റ്റുകളുടെ സഹായം ഉള്ളതുകൊണ്ട് അതിന് ഒരിക്കലും മുട്ടുവന്നിട്ടില്ല. അന്ന് ആ ലായിനിയുടെ വിളിപ്പേര് ‘ജനാധിപത്യം’ എന്നായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് ലജ്ജ തോന്നുന്നു.”
കണ്ണൂരിലെ സിപിഎമ്മിന്റെ ഒരു കാലത്തെ അത്ഭുതക്കുട്ടിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയും പാര്‍ട്ടി നടത്തുന്ന കള്ളവോട്ടിന്റെ കഥകള്‍ തുറന്നു കാട്ടിയിട്ടുണ്ട്. അബ്ദുള്ളക്കുട്ടി എഴുതിയ നിങ്ങള്‍ എന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിലെ ‘പാര്‍ട്ടി ഗ്രാമത്തിലെ കെമിക്കല്‍ അലിമാര്‍’ എന്ന അധ്യായത്തില്‍ സിപിഎമ്മിന്റെ കള്ളവോട്ടു രാഷ്ട്രീയത്തെയാണ് അനാവരണം ചെയ്യുന്നത്.
കണ്ണൂരിലെ കൊലപാതകത്തിനുണ്ടാക്കുന്ന ബോംബ് നിര്‍മാണകേന്ദ്രങ്ങള്‍ പോലീസ് ഓഫീസര്‍മാര്‍ റെയ്ഡ് ചെയ്ത് പിടിച്ചു. എന്നാല്‍, കണ്ണൂരിലെ കള്ളവോട്ടു കേന്ദ്രങ്ങളും അടയാളം മായ്ക്കുന്ന മഷിയുണ്ടാക്കുന്ന കേന്ദ്രവും അതിന്റെ കെമിസ്ട്രിയും വിതരണവും തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്തുള്ള രഹസ്യകേന്ദ്രത്തിലെ മഷി മായ്ച്ചുകൊടുക്കല്‍ പരിപാടിയും കണ്ടെത്താന്‍ സാക്ഷാല്‍ ഇലക്ഷന് കമ്മീഷണര്‍ ടി.എന്‍. ശേഷനുപോലും കഴിഞ്ഞില്ലല്ലോയെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.
ബോംബു കൊണ്ട് കൊല്ലുന്നത് കുറച്ചാളുകളെയാണ്. എന്നാല്‍, ഈ മായ്ക്കല്‍ കെമിക്കലുണ്ടാക്കുന്നവര്‍ കെമിക്കല്‍ അലിയേക്കാള്‍ ഭീകരന്മാരാണ്. ലോകത്തിനു തന്നെ മാതൃകയായ ഒരു ജനാധിപത്യ വ്യവസ്ഥയെയാണ് ഇവര്‍ കൊല ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
















