തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിനുള്ളിലെ ചവറ്റുകൊട്ടയില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി. യാത്രക്കാര്‍ പുറപ്പെടേണ്ട ടെര്‍മിനലിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബുധനാഴ്ച വൈകിട്ട് പിസ്റ്റള്‍ കണ്ടെത്തിയത്.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് പിസ്റ്റള്‍ ഉപേക്ഷിച്ചതെന്ന് തിരിച്ചറിഞ്ഞു. പരിശോധന ഭയന്ന് പിസ്റ്റള്‍ ഉപേക്ഷിച്ച് യാത്ര തുടര്‍ന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശുചീകരണത്തിനെത്തിയ ജീവനക്കാരിയാണ് പിസ്റ്റള്‍ കണ്ടത്.
ഉടനെ തന്നെ ഇവര്‍ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഇത് സാധാരണ ഉപയോഗിക്കുന്ന എയര്‍ പിസ്റ്റളാണെന്ന് വ്യക്തമായി.
















